ജീവിതത്തിൽ ഏറ്റവുമധികം വിശ്വാസം റഹ്‌മാനെ, മികച്ച വ്യക്തിത്വത്തിനുടമ, വ്യാജ പ്രചാരണത്തിനെതിരെ സൈറ ബാനു
ചെന്നൈ: ദിവസങ്ങൾക്ക് മുമ്പാണ് ഓസ്കാർ ജേതാവും പ്രശസ്ത സംഗീതജ്ഞനുമായ എ.ആർ. റഹ്മാന്റെ വിവാഹമോചന വാർത്ത പുറത്തുവന്നത്. ഭാര്യ സൈറ ബാനുവിന്റെ അഭിഭാഷക വാർത്താക്കുറിപ്പിലൂടെയാണ് വിവാഹമോചന വിവരം അറിയിച്ചത്. പിന്നാലെ റഹ്മാനും സൈറയും ഇക്കാര്യം സ്ഥിരീകരിച്ച് പ്രതികരിച്ചിരുന്നു.
വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ റഹ്മാനെതിരെ അപകീർത്തികരമായ പരാമർശങ്ങളും വ്യാജപ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ റഹ്മാൻ യു ട്യൂബ് ചാനലുകൾക്കെതിരെ വക്കീൽ നോട്ടീസയക്കുകയും ചെയ്തു. ഇപ്പോഴിതാ റഹ്മാനെതിരായ പ്രചാരണങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൈറ ബാനു. റഹ്മാനെതിരെയുള്ള വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് സൈറ ബാനു ശബ്ദ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.
റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ പറയുന്നു. ജീവിതത്തിൽ ഏറ്റവുമധികം വിശ്വാസം റഹ്മാനെയാണ്. റഹ്മാനെ മാദ്ധ്യമങ്ങൾ വെറുതേ വിടണമെന്നും സൈറ അഭ്യർത്ഥിച്ചു. ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് മുംബയിലേക്ക് മാറിയത്. ആരോഗ്യം മെച്ചപ്പെട്ടാൽ ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്നും സൈറ പറഞ്ഞു. ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും സൈറ കൂട്ടിച്ചേർത്തു.