ജയലളിതയെ പുറത്താക്കിയ തെറ്റ് ജാനകി തിരുത്തി : രജനീകാന്ത്

Monday 25 November 2024 2:27 AM IST

ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാനുള്ള എം.ജി.ആറിന്റെ ഭാര്യ വി.എൻ.ജാനകിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് രജനികാന്ത്. ആ തെറ്റ് അവർ തിരുത്തിയെന്നും അണ്ണാ ഡി.എം.കെയുടെ ബ്രഹ്മാസ്ത്രമായ രണ്ടില ചിഹ്നം ജയലളിതയെ ഏൽപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ജാനകി ജന്മശതാബ്ദി സമ്മേളനത്തിൽ ഓൺലൈനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനികാന്ത്.

തമിഴ്നാട്ടിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെ കുറിച്ച് സൂപ്പർസ്റ്റാർ നടത്തിയ പരാമർശങ്ങൾ വ്യാപക ചർച്ചയായി. ''ഒരു തീരുമാനം എടുക്കുമ്പോൾ അത് തനിക്കും മറ്റുള്ളവർക്കും സന്തോഷം നൽകുമോ എന്ന് ചിന്തിക്കണം. നിങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിൽ ആ തീരുമാനം എടുക്കരുത്. മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നെങ്കിൽ ആ തീരുമാനം എടുക്കണം - ശ്രീരാമകൃഷ്ണ പരമഹംസരുടെ വാക്കുകൾ ഉദ്ധരിച്ച് രജനികാന്ത് പറഞ്ഞു. ആദ്യമെടുത്ത തീരുമാനം ജാനകി തിരുത്തി, ജയലളിതയ്ക്ക് 'രണ്ടില' കൈമാറാൻ തീരുമാനിച്ചത് പ്രശംസനീയമാണ്.

എം.ജി.ആറിനു മുമ്പ് സിനിമയിൽ പോപ്പുലറായ നടിയായിരുന്നു വി.എൻ.ജാനകി. എം.ജി.ആറുമായി ഇഷ്ടത്തിലായതോടെയാണ് സിനിമാ അവസരങ്ങളെല്ലാം വേണ്ടെന്നു വച്ച് അദ്ദേഹത്തിന്റെ ഭാര്യയായത്. മറുത്തനാട് ഇളവരശിയെന്ന ചിത്രത്തിലാണ് ഇവർ അദ്യമായി ജോഡികളായി അഭിനയിച്ചത്. എം.ജി.ആറിന്റെ മരണശേഷമുണ്ടായ വിഷമകരായ സാഹചര്യങ്ങളാണ് ജാനകിയെ രാഷ്ട്രീയത്തിൽ എത്തിച്ചത്. പിന്നീട് പാർട്ടിയുടെയും ജനങ്ങളുടെയും താൽപര്യം കണക്കിലെടുത്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ജയലളിതയ്ക്ക് ചുമതല നൽകുകയും ചെയ്തു- രജനികാന്ത് പറഞ്ഞു.

താൻ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതും പിന്നീട് പിൻവാങ്ങിയതും സൂചിപ്പിച്ചായിരുന്നു രജിനയുടെ പ്രസംഗം.

കോട്ടയം വൈക്കം സ്വദേശിയാണ് ജാനകി. 1987 ‌ഡിസംബർ 24ന് എം.ജി.ആറിന്റെ മരണശേഷം വിലാപയാത്രയിലെ വാഹനത്തിൽ നിന്ന് ജയലളിതയെ ജാനകി ഇറക്കിവിട്ടത് വലിയ വിവാദമായിരുന്നു. തുടർന്നാണ് ജാനകി മുഖ്യമന്ത്രിയായത്.