അയൽക്കാരിയെ പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; വ്ലോഗർ അറസ്റ്റിൽ

Monday 25 November 2024 10:05 AM IST

തൃശൂർ: അയൽക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ വ്ലോഗർ പിടിയിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി (32) ആണ് അറസ്റ്റിലായത്. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് വെള്ളിക്കുളങ്ങര പൊലീസാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമം നടത്തി.

അഞ്ച് മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ കുഞ്ഞിനെ എടുക്കാൻ വന്ന അയൽക്കാരിയായ യുവതിയെ പ്രതി ബലംപ്രയോഗിച്ച് മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിച്ചു. ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്‌തു. വിവരം പുറത്താരോടെങ്കിലും പറഞ്ഞാൽ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

വിവരം അറിഞ്ഞ ബിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാലക്കുടി മജിസ്‌ട്രേറ്റ് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കാൻ കൊണ്ടുപോയി. ഇതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. 2022ൽ നിലമ്പൂരിൽ സ്‌ത്രീ പീഡനത്തിനും 2017ൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടും അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ബിനീഷിനെതിരെ കേസെടുത്തിട്ടുണ്ട്.