വിവാഹം അടുത്ത വർഷം! വരൻ ആരെന്ന ചോദ്യത്തിന് ഒടുവിൽ മറുപടി നൽകി ആര്യ

Monday 25 November 2024 2:59 PM IST

മലയാളികൾക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടുന്നത്. പിന്നാലെ സിനിമകളിലും അവതാരക എന്ന നിലയിലും തന്റേതായ സ്ഥാനം കണ്ടെത്തി. ബിഗ് ബോസിലും ആര്യ പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമെ സംരംഭക എന്ന നിലയിലും ആര്യ വളരെ ശ്രദ്ധനേടി. കാഞ്ചീപുരം സാരികളുടെ ബിസിനസാണ് താരം ചെയ്യുന്നത്. ഏതാനും താരവിവാഹങ്ങൾക്ക് വധു അണിഞ്ഞത് ആര്യയുടെ ബ്രാൻഡിന്റെ സാരിയാണ്. സോഷ്യൽ മീഡിയയിൽ സജീവയായ നടി തന്റെ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തന്റെ വ്യക്തിജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ ആര്യയ്ക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ആദ്യ വിവാഹം പിരിഞ്ഞതിനെക്കുറിച്ച് പലപ്പോഴായി ആര്യ തന്നെ സംസാരിച്ചിട്ടുണ്ട്. തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും നടി സംസാരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാഹത്തെക്കുറിച്ച് പറയുകയാണ് ആര്യ. തന്റെ ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

'എപ്പോ കല്യാണം' എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. അതിന് '2025 എന്നൊക്കെയാണ് എന്റെ ആഗ്രഹം' എന്നായിരുന്നു ആര്യയുടെ മറുപടി. ഇതിനിടെ വരൻ ആരാണെന്നും ചിലർ ചോദിച്ചു. എന്നാൽ കിട്ടുമ്പോൾ പറയാം എന്നായിരുന്നു നടിയുടെ മറുപടി. വേറെയും നിരവധി ചോദ്യങ്ങൾക്ക് ആര്യ മറുപടി പറയുന്നുണ്ട്. 'കാഞ്ചീവരം' തുടങ്ങാനുള്ള മോട്ടിവേഷൻ എന്തായിരുന്നുവെന്നും ഒരാൾ ചോദിച്ചു. നിലനിൽപ്പ് എന്നായിരുന്നു താരത്തിന്റെ മറുപടി.