സംഘടന എന്നു പറയുമ്പോൾ എല്ലാ അംഗങ്ങളുടെയും കാര്യത്തിൽ ഇടപെടണം,​ അല്ലാതെ ഒരു കാര്യത്തിന് മാത്രം പ്രാധാന്യം നൽകരുത്

Saturday 17 August 2019 10:46 AM IST

താരസംഘടനയായ 'അമ്മ'യുടെ പ്രവർത്തനങ്ങളിൽ താൻ തൃപ്‌തയാണെന്ന് നടി നമിത പ്രമോദ്. തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നമുണ്ടായപ്പോൾ അമ്മ തന്നെ ഒരുപാട് സഹായിച്ചുവെന്നും അതുകൊണ്ടുതന്നെ സംഘടനയിൽ ഒരു അസമത്വവും തോന്നിയിട്ടില്ലെന്ന് നമിത പറയുന്നു. ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

'എനിക്ക് പേഴ്‌സണലി ഒരു പ്രശ്‌നമുണ്ടായപ്പോൾ 'അമ്മ' എന്നെ ഒരുപാട് ഹെൽപ്പ് ചെയ്‌തു. പിന്നെ കുക്കു ചേച്ചിയൊക്കെ (കുക്കു പരമേശ്വരൻ) അമ്മയുടെ എല്ലാ മീറ്റിംഗിലും ആക്‌ടീവാണ്. അതുകൊണ്ടുതന്നെ അവിടെ ഒരു അസമത്വം എനിക്ക് തോന്നിയിട്ടില്ല. എന്റെ പേഴ്‌സണൽ അഭിപ്രായത്തിൽ സംഘടന എന്നു പറയുമ്പോൾ ആ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങളുടെയും പ്രശ്‌നങ്ങളിൽ ഇടപെടുകയും കൃത്യമായ തീരുമാനങ്ങൾ ഉണ്ടാക്കുകയും ചെയ്യണം. അല്ലാതെ ഒരു കാര്യത്തിന് മാത്രം പ്രാധാന്യം നൽകി മുന്നോട്ടു പോകരുത്. ഇതുകൊണ്ടു തന്നെ അമ്മയിൽ ഞാൻ വളരെ സംതൃപ്‌തയാണ്. '- നമിത പറയുന്നു.

ഒരിടവേളയ്‌ക്ക് ശേഷം മാർഗംകളി, ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന അൽ മല്ലു എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് നമിത.