കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങൾക്ക് പിറകെ പൊയ്ക്കോളിൻ, പ്രിയതമന് പ്രണയത്തിൽ ചാലിച്ച പിറന്നാളാശംസയുമായി സരയു

Saturday 17 August 2019 12:10 PM IST

നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയ താരമാണ് സരയു. ഭർത്താവ് സനലിന്റെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത താരത്തിന്റെ പ്രണയാദ്രമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആത്മ വിശ്വാസത്തിന്റെ കാര്യത്തിൽ തന്നെ അദ്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെയുള്ളതെന്നും കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ടെന്നും സ്വപ്നങ്ങൾക്ക് പിറകെ പൊയ്ക്കോള്ളാനുമാണ് ഭർത്താവിനോട് സരയു പറയുന്നത്. സനലിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രത്തിനൊപ്പമാണ് സരയുവിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരാളാണ് കൂടെ ഉള്ളത്...പരിശ്രമത്തിന്റെ കാര്യത്തിലും അതെ... സ്വപ്‌നങ്ങൾ കൈപ്പിടിയിൽ ഒതുങ്ങി എന്ന് കരുതുന്നിടത്തു നിന്ന് തെന്നി മാറിപോവുമ്പോൾ, ഒരു നെടുവീർപ്പിൽ എല്ലാ വിഷമങ്ങളും ഒതുക്കി, വീണ്ടും ഒന്നേന്നു ഒരു പരാതിയും ഇല്ലാത്ത ശ്രമിക്കുന്ന ഒരാൾ...ലക്ഷ്യത്തെകുറിച്ച് വളരെ ഫോക്കസ്ഡ് ആയ ഒരാൾ... ആരോടും ഒരു പരിഭവവും ഇല്ലാതെ ഒരു ഓരത്തൂടെ പോവാനിഷ്ടപ്പെടുന്ന ഒരാൾ...ജോലിയും പാഷനും ഒന്നായ ഭാഗ്യവാൻ...ഓരോ നിമിഷവും സിനിമയെ അത്ര മേൽ സ്നേഹിക്കുകയും ഞാനൊക്കെ ഓരോ സിനിമകളെ കീറി മുറിച്ചു വെറുപ്പിക്കുമ്പോൾ ഏത് മോശം സിനിമയിലും നല്ലത് കണ്ടുപിടിച്ചു ചൂണ്ടിക്കാണിക്കാൻ ഉത്സാഹപ്പെടുന്ന, ആ ശ്രമത്തെ കുറച്ചു കാണാൻ താല്പര്യപ്പെടാത്തൊരാൾ....ഇങ്ങനെയൊരാൾ കൂടെ ഉള്ളപ്പോൾ നമ്മൾക്കും ലേശം നന്നാവുകയേ നിവൃത്തിയുള്ളു...

ഈ ജന്മദിനത്തിൽ പറയുവാനിത്രേ ഉള്ളു, കൂടുതൽ നിറപ്പകിട്ടാർന്ന നാളുകൾ ആവട്ടെ കാത്തിരിക്കുന്നത്... കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ ജന്മദിനാശംസകൾ സച്ചു