പേട്ട കാഞ്ഞിരവിളാകത്ത് അഞ്ചുപേരെ തെരുവുനായ കടിച്ചു നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Wednesday 27 November 2024 3:05 PM IST

തിരുവനന്തപുരം: പേട്ട കാഞ്ഞിരവിളാകത്ത് രണ്ട് ദിവസങ്ങളിലായി അഞ്ചോളം പേരെ തെരുവുനായ കടിച്ചു. ഇക്കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങളിലാണ് നായ അഞ്ചുപേരെ കടിച്ചത്.പേട്ട വെറ്ററിനറി സെന്ററിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നായ ഇന്നലെ രാവിലെ ചത്തു.തുടർന്ന് പാലോട്‌ സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആനിമൽ ഡിസീസിൽ പോസ്റ്റുമോർട്ടം നടത്തിയതിന് പിന്നാലെയാണ് നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം നായയെ അവിടെത്തന്നെ സംസ്കരിച്ചു.

രണ്ട് സ്ത്രീകൾക്കും മൂന്ന് പുരുഷന്മാർക്കുമാണ് നായയുടെ കടിയേറ്റത്. സ്ഥലത്ത് കുറച്ചുനാളായി കണ്ടുവരുന്ന തെരുവ് നായയായിരുന്നു ഇത്.

വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയ രണ്ട് കാഞ്ഞിരവിളാകം സ്വദേശികളെയാണ് നായ ആദ്യം കടിച്ചത്.വീട്ടിലേക്ക് പോകുന്ന വഴി ഒരു മദ്ധ്യവയസ്കനും നായയുടെ കടിയേറ്റു.നഗരസഭയെ അറിയിച്ചതിനെ തുടർന്ന് നായ പിടിക്കുന്ന സംഘം എത്തിയെങ്കിലും ഈ നായയെ കിട്ടിയില്ല.

തുടർന്ന് ശനിയാഴ്ച സമീപപ്രദേശത്തെ രണ്ടുപേരെ കൂടി ഈ നായ കടിച്ചു.ഉടൻതന്നെ വിവരമറിഞ്ഞ് നഗരസഭയിൽ നിന്ന് സംഘമെത്തി ഒരുപാട് നേരത്തെ തെരച്ചിലിനൊടുവിൽ നായയെ കണ്ടെത്തുകയായിരുന്നു.കടിച്ചവർ എല്ലാം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.പ്രതിരോധ കുത്തിവയ്പുമെടുത്തു. രണ്ടുപേരുടെ കാൽപ്പാദത്തിൽ ആഴ്ചത്തിൽ കടിയേറ്റിട്ടുണ്ട്.

ആരോഗ്യ വിഭാഗം

പരിശോധന നടത്തും

പേവിഷബാധയേറ്റ നായ്ക്ക് പ്രദേശത്തെ വീടുകളിലെ മറ്റ് നായ്ക്കളുമായി സമ്പ‌ർക്കം ഉണ്ടോയെന്ന് പരിശോധിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തും.തുടർന്ന് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കാനും നിർദ്ദേശിക്കും.

വന്ധ്യംകരണത്തിനു ശേഷം

നായ്ക്കളെ തുറന്നുവിടുന്നു

നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പിടികൂടി പേട്ട മൃഗാശുപത്രിയിലെത്തിച്ച് വന്ധ്യംകരിക്കുന്ന നായ്ക്കളെ വിശ്രമം സമയം കഴിഞ്ഞ് ആ പ്രദേശത്തു തന്നെ തുറന്ന് വിടുന്നതായി ആക്ഷേമുണ്ട്.ഇതുകാരണമാണ് സ്ഥലത്ത് തെരുവുനായ ശല്യം കൂടുന്നത്. പലതവണ പരാതി പറ‌ഞ്ഞിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്.

നായ്ക്ക് ഇന്നലെ പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു.ജനങ്ങളോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ന് നഗരസഭയിൽ നിന്ന് ഒരു സംഘമെത്തി പരിശോധന നടത്തും.

സി.എസ്. സുജാദേവി, വാർഡ് കൗൺസിലർ