മുകുന്ദന്റെ സാഹിത്യ ലോകം കാലത്തെക്കടന്ന് മുന്നോട്ട്: മുഖ്യമന്ത്രി

Tuesday 26 November 2024 2:25 AM IST

മാഹി: 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവലും എം. മുകുന്ദന്റെ സാഹിത്യ ലോകവും കാലത്തെക്കടന്ന് മുന്നോട്ടു പോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മയ്യഴി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ കേരള സാഹിത്യ അക്കാഡമി സംഘടിപ്പിച്ച 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' നോവലിന്റെ അമ്പതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഉജ്ജ്വലങ്ങളായ കർഷക സമരങ്ങളും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളും ഒക്കെ നടന്നിട്ടുണ്ട്. എന്നാൽ,നമ്മുടെ സാഹിത്യത്തിൽ ആ പോരാട്ടങ്ങൾ അനശ്വരതയാർജിച്ചു എന്നു പറയാൻ പറ്റുമോ? കയ്യൂർ സംഭവത്തെക്കുറിച്ചുള്ള ഒരു നോവലുണ്ടായതു മലയാളത്തിലല്ല,കന്നടയിലാണ്; നിരഞ്ജന എഴുതിയ 'ചിരസ്മരണ'. എന്നാൽ,രാഷ്ട്രീയക്കാരനൊന്നുമല്ലാത്ത മുകുന്ദൻ മയ്യഴിയുടെ രാഷ്ട്രീയ സമരത്തെ പശ്ചാത്തലത്തിൽ വച്ചുകൊണ്ടും അതിനെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടും ഒരു നോവൽ രചിച്ചു. അതാണു 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'. ഈ നോവൽ ഇറങ്ങിയ ഘട്ടത്തിൽ അരാജകത്വത്തിന്റെ രാഷ്ട്രീയമാണത് പ്രസരിപ്പിക്കുന്നത് എന്നു വാദിച്ചവരുണ്ട്. അവർ കാണാതിരുന്നത് ഈ രാഷ്ട്രീയ,സാംസ്‌കാരിക ഉള്ളടക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാഹി എം.എൽ.എ രമേശ് പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ ആമുഖപ്രഭാഷണം നടത്തി. ഡോ. കെ.പി മോഹനൻ,എ.എസ് പ്രിയ,ഇ.പി.രാജഗോപാലൻ, എം.വി.നികേഷ്‌കുമാർ,സംഘാടകസമിതി ചെയർമാൻ ഡോ. എ.വത്സലൻ,ജനറൽ കൺവീനർ എ.ജയരാജൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന ചിത്രകാരസംഗമം ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പൊന്ന്യം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.വി.രാമകൃഷ്ണൻ,കെ.വി.സജയ് എന്നിവർ പ്രഭാഷണം നടത്തി. ഇ.എം അഷ്റഫ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'ബോൺഴൂർ മയ്യഴി' പ്രദർശിപ്പിച്ചു.