ഇമ്രാന്റെ മോചനം; പാകിസ്ഥാനിൽ മാർച്ച് അക്രമാസക്തം, ഏറ്റുമുട്ടലിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: തടവിലാക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മരിച്ച അഞ്ചുപേരും സുരക്ഷാ ഉദ്യോഗസ്ഥരാണ്. സംഭവത്തിൽ നിരവധിപേർ പരിക്കേറ്റ് ചികിത്സയിലാണ്. സംഘർഷത്തെ തുടർന്ന് സർക്കാർ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് മാരകമായി വെടിയേറ്റിരുന്നു. നിരവധി വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു. ഷിപ്പിംഗ് കണ്ടെയ്‌നറുകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ, ബാരിക്കേഡുകൾ തുടങ്ങിയവ ഉപയോഗിച്ച് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും നിഷ്‌പ്രയാസം അവയെ എല്ലാം പ്രതിഷേധക്കാർ തകർത്തു. ചികിത്സയിൽ കഴിയുന്ന രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്. ഇമ്രാൻ ഖാന്റെ അനുകൂലികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ജയിലിൽ കഴിയുന്ന ഇമ്രാന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ പിടിഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടി ആഹ്വാനം ചെയ്ത പ്രധാന റാലി തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണിലേക്ക് കടക്കുകയാണ് ലക്ഷ്യം. ഇത് തടയാൻ ഇസ്ലാമാബാദ് ഞായറാഴ്ച മുതൽ ലോക്ക്‌ഡൗണിലാണ്. ഖൈബർ-പഖ്തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗണ്ഡാപൂർ, ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബി എന്നിവരുടെ നേതൃത്വത്തിലാണ് റാലി.
ഇന്നലെ ലാഹോർ അടക്കമുള്ള നഗരങ്ങളിൽ ഇമ്രാൻ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയിരുന്നു. പഞ്ചാബിൽ പൊതുഗതാഗതം തടസപ്പെട്ടു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഇസ്ലാമാബാദിലെത്തിയതിനാൽ കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.