ഫോൺ സ്വിച്ച് ഓഫ്; രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
ഹെെദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച കേസിൽ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.സംവിധായകനായി തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പൊലീസ് തെരച്ചിൽ തുടരുകയാണ്.
രാംഗോപാൽ വർമയുടെ ഹെെദരാബാദിലെ വീടിന് മുന്നിൽ പൊലീസ് നിലയുറപ്പിച്ചു. ചന്ദ്രബാബു നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെയും മോർഫ് ചെയ്ത ചിത്രങ്ങടക്കമാണ് വർമ പോസ്റ്റ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി രാമലിംഗം എന്നായാളാണ് പരാതി നൽകിയത്. ഇതിൽ പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാൻ രാംഗോപാൽ വർമയ്ക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു.
എന്നാൽ അറസ്റ്റുണ്ടാകുമെന്ന സംശയത്തിൽ രാംഗോപാൽ വർമ ഒളിവിൽ പോകുകയായിരുന്നു. സംവിധായകന്റെ ഫോൺ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് വെർച്വലായി ഹാജരാകാമെന്ന് അഭിഭാഷകൻ മുഖേന രാംഗോപാൽ അറിയിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് രാംഗോപാൽ വർമ ഹെെക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി തള്ളിയതിന് പിന്നാലെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.