നെഞ്ചിൽ കുത്തേറ്റ നിലയിൽ വ്ളോഗർ യുവതിയുടെ മൃതദേഹം, കണ്ണൂർ സ്വദേശിയായ ആൺസുഹൃത്തിനെ തേടി പൊലീസ്
ബംഗളൂരു: നെഞ്ചിൽ കുത്തേറ്റ മുറിവുകളോടെ അസാം സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബംഗളൂരു നഗരത്തിൽ ഇന്ദിരാ നഗറിൽ സർവീസ് അപ്പാർട്ട്മെന്റിലാണ് കോറമംഗലയിലെ സ്വകാര്യ കമ്പനി ജീവനക്കാരിയും വ്ളോഗറുമായ അസാം സ്വദേശിനി മായ ഗൊഗോയി(25)യുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ആൺസുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് ഹർണി ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
ആരവും അസാം സ്വദേശിനിയും അപ്പാർട്ട്‌മെന്റിൽ ഒരുമിച്ചെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ യുവതിയെ കൊലപ്പെടുത്തി ആരവ് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്. ഞായറാഴ്‌ച ആരവ് യുവതിയെ കൊലപ്പെടുത്തിയെന്നും ഇതിന് ശേഷം ചൊവ്വാഴ്‌ച പുലർച്ചെയോടെ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായുമാണ് പൊലീസ് അറിയിക്കുന്നത്. ഫാഷൻ, ഭക്ഷണസാധനങ്ങൾ എന്നിവയെക്കുറിച്ച് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത് ശ്രദ്ധേയയായ ആളാണ് മായ. കൊലയ്‌ക്ക് ശേഷം ചൊവ്വാഴ്‌ച പുലർച്ചെ വരെ ആരവ് മൃതദേഹത്തോടൊപ്പം ഇതേ അപ്പാർട്ടുമെന്റിൽ കഴിഞ്ഞതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയ്‌ക്കായി അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ (ഈസ്‌റ്റ്) ഡി.ദേവരാജ് പറഞ്ഞു.