ലോകായുക്തയിലെ സ്ഥിരം നിയമനം
സർക്കാർ വകുപ്പുകളിൽ സ്ഥിരനിയമനം നടത്താൻ അധികാരമുള്ളത് പബ്ളിക് സർവീസ് കമ്മിഷനാണ്. എന്നാൽ കരാർ നിയമനങ്ങളും താത്‌കാലിക നിയമനങ്ങളും മറ്റും നടത്തി സർക്കാർ തന്നെ ഇത് അട്ടിമറിക്കാറുണ്ട്. ഇതിന്റെ ഫലമായി സർക്കാർ വകുപ്പുകളിൽ ഉണ്ടാകുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യപ്പെടാതെ വരും. പി.എസ്.സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയവരുടെ നിയമനം നീണ്ടുപോകാനും, ഒടുവിൽ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ട് പലർക്കും നിയമനം ലഭിക്കാതെ വരാനും ഇടയാക്കുന്ന അവസ്ഥയാണ് ഇതു സൃഷ്ടിക്കുന്നത്. സ്ഥിരം സർക്കാർ ജോലി എന്നത് കേരളത്തിലെ ഏതു യുവതീയുവാക്കളുടെയും സ്വപ്നമാണ്. ബിരുദവും മറ്റു യോഗ്യതകളും നേടി വർഷങ്ങൾ കാത്തിരുന്നതിനു ശേഷമാവും ഒരു പി.എസ്.സി ജോലിക്ക് അവസരമുണ്ടാവുക. സർക്കാരിന്റെ ഇടപെടലുകളിലൂടെ അതും നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല.
അതുപോലെ തന്നെ, ഒരു വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മറ്റൊരു വകുപ്പിലേക്കു മാറുന്നത് താത്‌കാലിക ഏർപ്പാടായാണ് കരുതപ്പെടുന്നത്. എന്നാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇതൊരു സ്ഥിരം ഏർപ്പാടാക്കി മാറ്റുന്നത് പതിവാണ്. ഇതും, ജോലി കാത്ത് കഴിയുന്നവരുടെ വഴി മുടക്കുന്നതിനു തുല്യമാണ്. ഇത് മുൻകൂട്ടി കണ്ടാവും ലോകായുക്തയിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുന്ന എല്ലാവരെയും അവിടെത്തന്നെ സ്ഥിരപ്പെടുത്താനുള്ള സ്പെഷ്യൽ റൂളിന് പി.എസ്.സി തടയിട്ടിരിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പലരും ഡെപ്യൂട്ടേഷനിൽ ലോകായുക്തയിൽ എത്തിയിരിക്കുന്നത്. സ്ഥലംമാറ്റമില്ലാതെ സ്ഥിരമായി തിരുവനന്തപുരത്തു തന്നെ ജോലി ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. കാര്യക്ഷമതയും സത്യസന്ധതയും വിലയിരുത്താതെ എല്ലാവരെയും ലോകായുക്ത സർവീസിൽ കുടിയിരുത്തുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി സ്പെഷ്യൽ റൂളിനെ എതിർത്തിരിക്കുന്നത്. ഇത് എതിർക്കപ്പെടേണ്ടതു തന്നെയാണ്.
നേരത്തേ, നാലു വർഷം സർവീസ് പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ ഒരു നീക്കം നടന്നിരുന്നു. ഇപ്പോൾ രൂപം നൽകിയ സ്പെഷ്യൽ റൂൾ പ്രകാരം പുതുതായി എത്തിയവരെയും സ്ഥിരപ്പെടുത്തുന്നതിന് തടസമില്ല. നിയമം, റവന്യു, കോളേജ് വിദ്യാഭ്യാസം അടക്കം വിവിധ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയവർ ലോകായുക്തയിലുണ്ട്. ഇവരെയെല്ലാം സ്ഥിരപ്പെടുത്തിയാൽ പുതുതായി കടന്നുവരേണ്ടുന്നവരുടെ അവസരമില്ലാതാക്കുന്നതിനൊപ്പം ലോകായുക്ത സർവീസ് സർക്കാരിന്റെ ഇഷ്ടക്കാരുടെ മാത്രം ലാവണമായി മാറുകയും ചെയ്യും. ജുഡിഷ്യൽ സർവീസിന്റെ നിഷ്‌പക്ഷമായ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിക്കാൻ ഇടയാക്കില്ലെന്നും പറയാനാവില്ല. കോർട്ട് ഓഫീസർ, സെക്‌ഷൻ ഓഫീസർ, സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, അന്വേഷണ ഏജൻസിയിലെ എ.ഡി.ജി.പി, എസ്.പി, രണ്ട് ഡിവൈ.എസ്.പിമാർ തുടങ്ങി 91 തസ്‌തികകളിൽ ഡെപ്യൂട്ടേഷൻ നിയമനമാണ് നടത്തിയിട്ടുള്ളത്. ഇവർക്കു പുറമെ 18 സ്ഥിരം ജീവനക്കാർ മാത്രമാണ് ലോകായുക്‌തയിലുള്ളത്.
ലോകായുക്തയിൽ നേരത്തേ ഉണ്ടായിരുന്ന ദിവസവേതനക്കാരെ അടുത്തിടെ ഒഴിവാക്കിയിരുന്നു. കർണാടക ലോകായുക്തയിൽ 1800 തസ്‌തികകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യൽ റൂളിലൂടെ കൂടുതൽ തസ്‌തികകൾ സൃഷ്ടിക്കാൻ ശ്രമം നടത്തിയത്. ഓരോ സംസ്ഥാനത്തെയും കേസുകളുടെ ബാഹുല്യം കണക്കാക്കിയാണ് തസ്‌തികകളുടെ എണ്ണം നിശ്ചയിക്കേണ്ടത്. അല്ലാതെ അവിടെ അത്രയും ഉള്ളതിനാൽ ഇവിടെയും അത്രയും വേണമെന്നു വാദിക്കുന്നതിൽ അർത്ഥമില്ല. ലോകായുക്തയും ഉപലോകായുക്തയും ചേർന്ന ഡിവിഷൻ ബെഞ്ച് ഇല്ലാത്തതിനാൽ രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും എതിരായ വിചാരണ ഇപ്പോൾ നടക്കുന്നില്ല. രണ്ട് ഉപലോകായുക്ത ഒഴിവുകൾ അടിയന്തരമായി നികത്തി വിചാരണ പുനരാരംഭിക്കാനാണ് സർക്കാർ ആദ്യം ശ്രമിക്കേണ്ടത്.