ഭരണഘടന പ്രതീക്ഷകൾ നിറവേറ്റി : പ്രധാനമന്ത്രി

Wednesday 27 November 2024 4:52 AM IST

ന്യൂഡൽഹി: ഭരണഘടന രാജ്യത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റിയെന്നും ജനങ്ങൾക്ക് വഴികാട്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പരിവർത്തനത്തിന്റെ വലിയൊരു ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയ്‌ക്ക് ഭരണഘടനയാണ് മാർഗദീപമെന്നും സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാചരണത്തിൽ മോദി പറഞ്ഞു.

അംബേദ്‌കറിന്റെ ഭരണഘടനയുടെ ശക്തി കൊണ്ടാണ് അത് ജമ്മു കാശ്മീരിൽ പൂർണ്ണമായും നടപ്പാക്കാനായത്. ജമ്മു കാശ്മീരിൽ ആദ്യമായി ഭരണഘടനാ ദിനം ആഘോഷിച്ചു. ഭരണഘടനയുടെ യഥാർത്ഥ പകർപ്പിൽ, രാമൻ, അമ്മ. സീത തുടങ്ങി ഇന്ത്യൻ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ മാനുഷിക മൂല്യങ്ങളാണ് ഓർമ്മിപ്പിക്കുന്നത്. 75-ാം വാർഷികത്തിൽ ഭരണഘടനയെയും ഭരണഘടനാ അസംബ്ലിയിലെ എല്ലാ അംഗങ്ങളെയും വണങ്ങുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ വാർഷികമായതിനാൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ ഭീകര സംഘടനകൾക്കും മറുപടി നൽകുമെന്നും മോദി പറഞ്ഞു.

തിഹാർ ജയിയിലെ തടവുകാരൻ വരച്ച ചിത്രം ചടങ്ങിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്‌, സുര്യകാന്ത്, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ തുടങ്ങിയവർ പങ്കെടുത്തു