ധനുഷ്  -  നയൻതാര  തർക്കം  ഹെെക്കോടതിയിലേക്ക്; ഹർജി നൽകി നടൻ

Wednesday 27 November 2024 12:30 PM IST

ചെന്നെെ: ധനുഷ് - നയൻതാര തർക്കം ഹെെക്കോടതിയിലേക്ക്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിഷയത്തിൽ നയൻതാരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹെെക്കോടതിയിൽ ഹർജി നൽകി. നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ധനുഷിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു.

'ബിയോണ്ട് ദി ഫെയറിടെയിൽ' എന്ന ഡോക്യുമെന്ററിക്കായി 'നാനും റൗഡി താൻ' എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെക്കുറിച്ച് ധനുഷിനെതിരെ തുറന്ന കത്തുമായി നയൻതാര രംഗത്തെത്തിയിരുന്നു. ഇതോടെ കോളിവുഡിൽ ഇത് വലിയ വിവാദത്തിന് കാരണമായി. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്ററി റിലീസ് ചെയ്തു. ഇതിന് പിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ നിർമ്മാണം ധനുഷ് ആയിരുന്നു. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്ററിയിൽ ആ സിനിമയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

അതേസമയം, ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയ ദൃശ്യം ചിത്രീകരിച്ചത് തന്റെ സ്വകാര്യ ഫോണിലാണെന്ന് നയൻതാര വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് ധനുഷിന്റെ അഭിഭാഷകന്റെ മറുപടി ഇങ്ങനെയാണ്: 'എന്റെ കക്ഷി ഈ സിനിമയുടെ നിർമ്മാതാവാണ്. ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. സിനിമയുടെ പിന്നാമ്പുറ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.'