'നമ്മൾ ആകുന്നത് ചെയ്യുന്നുണ്ട്, പക്ഷെ അത് പോരാ': അവാർഡ് വേദിയിൽ പ്രളയ സഹായമഭ്യർത്ഥിച്ച് പൃഥ്വിരാജ്, വീഡിയോ

Saturday 17 August 2019 6:59 PM IST

ഖത്തറിൽ വച്ച് നടന്ന സൈമ അവാർഡിന്റെ വേദിയിൽ വച്ച് കേരളത്തെ ബാധിച്ച പ്രളയദുരിതത്തിന് സഹായമഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. വേദിയിൽ വച്ച് തനിക്കുള്ള അവാർഡ് ഏറ്റുവാങ്ങിയ ശേഷം കേരളത്തിലെ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

മലയാള സിനിമാ വ്യവസായത്തെ പ്രതിനിധീകരിച്ച് അവിടേക്ക് എത്തിയതുകൊണ്ട് തനിക്ക് കേരളത്തിലെ ജനങ്ങളെ കുറിച്ച് സംസാരിക്കാനുള്ള ബാധ്യതയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി തന്റെ പ്രസംഗം ആരംഭിച്ചത്.

'രണ്ടു ലക്ഷത്തിലധികം ആൾക്കാർ ഈ ​‌ദുരന്തത്താൽ ബാധിക്കപ്പെട്ട് റിലീഫ് ക്യാമ്പുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അതിൽ ഒരു വലിയൊരു ഭൂരിഭാ​ഗം നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ ഇന്ന് ഈ രാത്രി പോലും ചിലവഴിക്കുന്നവരാണ്. അതുകൊണ്ട് നമ്മളാൽ കഴിയുന്ന എല്ലാ സഹായങ്ങളും കേരളത്തിനുവേണ്ടി നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്.' പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമാ പ്രവർത്തകർ ഒന്നിച്ചുനിന്ന് സഹായം നൽകുന്നുണ്ടെങ്കിലും അതുകൊണ്ട് തികയുന്നില്ലെന്നും പൃഥ്വിരാജ് സൂചിപ്പിച്ചു. പ്രളയബാധിതരെ എങ്ങനെ സഹായിക്കണമെന്ന് തീർച്ചയില്ലാത്തവർ തന്റെയോ മോഹൻലാലിന്റെയോ ടോവിനോ തോമസിന്റെയോ അമ്മ സംഘടനയുടെയോ സോഷ്യൽ മീഡിയ പേജുകൾ നോക്കിയാൽ മതിയെന്നും പൃഥ്വിരാജ് നിർദ്ദേശിച്ചു.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത 'കൂടെ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രിഥ്വിരാജിന് സൈമ അവാർഡ് ലഭിച്ചത്. നടി രാധിക ശരത്കുമാറാണ് പൃഥ്വിക്ക് അവാർഡ് സമ്മാനിച്ചത്. തെന്നിന്ത്യൻ സിനിമാ രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് നൽകുന്ന അവാർഡാണ് സൈമ അവാർഡ്.