കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു

Thursday 28 November 2024 8:11 AM IST

തിരുവനന്തപുരം: കഴക്കൂട്ടം കൽപ്പാത്തി ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനാണ് വെട്ടേറ്റത്. കഴക്കൂട്ടം സ്വദേശികളായ വിജീഷ്, സഹോദരൻ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം അടക്കമുള്ള നിരവധി കേസുകളിൽ ഇവർ പ്രതികളാണ്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. തൗഫീഖിന്റെ കെെയിലാണ് വെട്ടേറ്റത്. വിനീഷ് ഒരാഴ്ച മുൻപ് ഈ ഹോട്ടലിൽ എത്തി മദ്യപിച്ച് പണം ചോദിച്ചിരുന്നു. അന്ന് ജീവനക്കാർ പണം നൽകിയിരുന്നില്ല. തുടർന്ന് ഇന്നലെ ഹോട്ടലിൽ എത്തി ആക്രമണം നടത്തുകയായിരുന്നു.