കസവ് സാരിയുടുത്ത് പ്രിയങ്ക പാർലമെന്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ; കേരളത്തിൽ നിന്നുള്ള ഏക വനിത എംപി

Thursday 28 November 2024 11:17 AM IST

ന്യൂഡൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി വാദ്ര സത്യപ്രതിജ്ഞ ചെയ്‌തു. ഭരണഘടന കയ്യിലേന്തിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. ആഹ്ലാദാരവങ്ങളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ചത്. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പ്രിയങ്ക ഗാന്ധി കസവ് സാരിയുടുത്താണ് പാർലമെന്റിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഏക വനിതാ എംപി കൂടിയാണ് പ്രിയങ്ക.

ഇനിയുള്ള കോൺഗ്രസിന്റെ പോരാട്ടത്തിന് പ്രിയങ്കയുടെ സാന്നിദ്ധ്യം കൂടുതൽ പ്രയോജനം ചെയ്യുമെന്നാണ് മറ്റ് കോൺഗ്രസ് എംപിമാർ പറയുന്നത്. വയനാടിന്റെ പുനരധിവാസമാണ് തന്റെ പ്രധാന അജണ്ടയെന്നും അതിനായി മുന്നോട്ട് പോകുമെന്നും പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു. തന്നെ നെഞ്ചോട് ചേർത്ത വയനാടിന് അവർ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നന്ദിയും പറഞ്ഞു. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും. അവിടുത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.


അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ സഭ 12 മണിവരെ നിർത്തിവച്ചു. പ്രതിഷേധത്തിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.