"കുടുംബമായിരുന്നു കാണാൻ കൊള്ളില്ല സീരിയൽ എന്ന് പറയുന്നവരോട് ഒരു വാക്ക്"; പ്രതികരണവുമായി സീമ ജി നായർ

Thursday 28 November 2024 11:40 AM IST

ചില മലയാളം സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. നടന്റെ പരാമർശത്തിനെതിരെ ഹരീഷ് പേരടിയും സീമ ജി നായരും അടക്കമുള്ളവർ ഇന്നലെ രംഗത്തെത്തിയിരുന്നു.

ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്‌ട്രീയക്കളികളാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന കാര്യങ്ങളെക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഇന്നലെ പ്രതികരിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി ഇപ്പോൾ.

ഇന്നലെ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് നടി വ്യക്തമാക്കി. കുടുംബമായിരുന്നു കാണാൻ കൊള്ളില്ല സീരിയൽ എന്ന് പറയുന്നവർക്കുള്ള മറുപടിയുമായിട്ടാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്.

അശ്ലീലം കലർന്ന ഭാഷയ ,ചേഷ്ടകളോ സീരിയലിൽ വരാറില്ലെന്ന് അവർ പറയുന്നു. അവിഹിതം , നാത്തൂൻ പോര്, അമ്മായിയമ്മപ്പോര് ഇതെല്ലാം സീരിയലിലുണ്ടെന്ന് ചിലർ പറയുന്നു. ഈ ലോകം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ് ഇതെല്ലാമെന്നും നടി ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പുലർകാല വന്ദനം. ചെന്നൈ എയർപോർട്ട് ...രാവിലെ ഒരു പോസ്റ്റ് ഇടാമെന്നു കരുതി ... ഇന്നലെ ഒരു പോസ്റ്റിട്ടു ...എപ്പോളും അവനവനു ശരി എന്ന് തോന്നുന്നതുചെയ്യുന്നവർ ആണല്ലോ നമ്മൾ. ഇന്നലത്തെ പോസ്റ്റിൽ എന്റെ ഭാഗത്തു ഞാൻ കണ്ടത് ശരി തന്നെ ആയിരുന്നു.ഇപ്പോളും അതിൽ മാറ്റമില്ല. കാരണം ഇത് ജീവിതോപാതി എന്നത് തന്നെ.

കല മൂല്യം ഉള്ളതാണെന്ന് പറയുന്നതുപോലെ തന്നെ അത് വിനോദം കൂടിയാണ്.കലാമൂല്യം നിറഞ്ഞ അതി പ്രശസ്തരുടെ വർക്കുകൾ വരുമ്പോൾ അത് തീയേറ്റർ പോലും കാണാതെ പോയിട്ടുണ്ട്. അങ്ങനെ മൂല്യം ഉള്ളതിനെ മാർക്കറ്റ് ചെയ്യാൻ ഇവിടെ ആർക്കും എന്തെ സാധിക്കുന്നില്ല. നല്ല സൃഷ്‌ടികൾ കൊണ്ടുവന്നു കുത്തുപാള എടുത്ത ചരിത്രങ്ങളും വിരളം അല്ല.

കുടുംബമായിരുന്നു കാണാൻ കൊള്ളില്ല സീരിയൽ എന്ന് പറയുന്നവരോട് ഒരു വാക്ക്. അശ്ലീലം കലർന്ന ഭാഷയോ ,ചേഷ്ടകളോ സീരിയലിൽ വരാറില്ല. പിന്നെ ചിലർ പറയുന്നു. അവിഹിതം , നാത്തൂൻ പോര്, അമ്മായിയമ്മപ്പോര്... ഇതെല്ലാം ഇവിടെ ഉണ്ടെന്ന്. ഈ ലോകം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ് ഇതെല്ലാം. സീരിയലിൽ കാണിച്ചിട്ട് കണ്ടു പഠിക്കും, പടിച്ചേനെ, പഠിക്കാൻ പോയതാണ്, പഠിച്ചുകൊണ്ടിരിക്കുവാണ്‌ എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല.

കലാമൂല്യം ഉള്ളതുകൊണ്ടുവന്നു അത് കച്ചവടമാക്കി കാണിച്ചു പതിനായിരക്കണക്കിന് ആൾക്കാർക്കു ജീവിതോപാധി ഉണ്ടാക്കി തരുമ്പോൾ ഇങ്ങനെ ഉള്ള ജല്പനങ്ങൾ പൂവിട്ടു പൂജിക്കാം. അല്ലാത്തിടത്തോളം ഇതിനെ ഞങ്ങളും എതിർക്കും. പിന്നെ ഇന്നലത്തെ പോസ്റ്റുകൾക്കു താഴെ വന്ന കമന്റിൽ ഭൂരിഭാഗവും ഞാൻ വായിച്ചില്ല ചിലർ ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയം എന്ന് പറഞ്ഞതിനെ മണിപ്പൂരിൽ ആണ് ഇപ്പോൾ നല്ല രാഷ്ട്രീയം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. മിക്കവാറും അവരുടെ കൂടെ ഞാൻ മണിപ്പൂർ പോകും. ആരേലും വരുന്നെങ്കിൽ വാ കേട്ടോ. ഫ്ലൈറ്റ് പുറപെടാറായി നിൽക്കുന്നു.