ആസൂത്രിതമെന്ന് ആരോപണം, വനിതാ പൈലറ്റിന്റെ മരണം: കാമുകനെതിരെ കുടുംബം

Friday 29 November 2024 12:33 AM IST

മുംബയ്: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വനിതാ പൈലറ്റ് സൃഷ്ടി തുലിയുടെ (27)​ മരണത്തിൽ കാമുകനെതിരെ കൂടുതൽ ആരോപണങ്ങൾ.

കാമുകൻ ആദിത്യ പണ്ഡിറ്റ് സൃഷ്ടിയെ പരസ്യമായി അപമാനിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും സൃഷ്ടിയുടെ കുടുംബം ആരോപിച്ചു. മറ്രൊരു വനിതാ പൈലറ്റിനും പങ്കുണ്ടെന്നും ആസൂത്രിത കൊലപാതകമാണെന്നും കുടുംബം പറയുന്നു. തിങ്കളാഴ്ച പുലർച്ചെ ആദിത്യയെ വിളിച്ച് സൃഷ്ടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഫ്ളാറ്റിന്റെ വാതിൽ പൂട്ടിയിട്ടതിനെ തുടർന്ന് ഒരാളെ വിളിച്ച് ആദിത്യ വാതിൽ തുറന്നപ്പോൾ സൃഷ്ടിയെ ഡേറ്റാ കേബിൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നീതി ലഭിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്ന് സൃഷ്ടിയുടെ അമ്മാവൻ വിവേക് തുലി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണക്കുറ്റത്തിന് ആദിത്യയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ ജൂൺ മുതൽ മുംബയിലാണ് താമസം. രണ്ട് വർഷം മുമ്പ് ഡൽഹിയിൽ കൊമേഴ്സ്യൽ പൈലറ്റ് കോഴ്സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. ആദിത്യ ഇന്ന് വരെ പൊലീസ് കസ്റ്റഡിയിലാണ്. 

ടോക്സിക് ബന്ധം

ആദിത്യയുടെ തുടർച്ചയായ ശല്യവും പരസ്യമായ അപമാനിക്കലും കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.

സൃഷ്ടിയുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടെ ആദിത്യ ഇടപെട്ടിരുന്നു. മാംസ ഭക്ഷണം കഴിക്കരുതെന്ന് ഇയാൾ നിർദ്ദേശിച്ചിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

സൃഷ്ടിയെ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നെങ്കിലും സൃഷ്ടി ബന്ധം ഉപേക്ഷിക്കാൻ തയാറായില്ല.

മറ്റൊരു പൈലറ്റും

സൃഷ്ടിയുടെ മരണത്തിൽ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സംഭവസമയം അവിടെ മറ്റൊരു വനിതാ പൈലറ്റുണ്ടായിരുന്നു. അവളാണ് ഫ്ളാറ്റ് തുറക്കാൻ താക്കോൽ നിർമ്മിക്കുന്നയാളെ വിളിച്ചത്. ആദിത്യ വാതിൽ തുറന്ന് സൃഷ്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാൾ മരിച്ചുകിടക്കുന്ന ഫ്ളാറ്റിന്റെ വാതിൽ പൊലീസുകാരെ വിളിക്കാതെ ആരെങ്കിലും തുറക്കുമോ? ഇവർ പരിശീലനം ലഭിച്ച പൈലറ്റുമാരാണ്. സൃഷ്ടി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. ആസൂത്രിത കൊലപാതകമാണ്. അവൾ ശക്തയായിരുന്നു. അങ്ങനെയല്ലെങ്കിൽ പൈലറ്റ് ആകുമായിരുന്നില്ല. ആദിത്യയെ ഞങ്ങൾക്കറിയാമായിരുന്നു. അവൾക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും അവന് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദിത്യക്ക് സൃഷ്ടിയോട് അസൂയയായിരുന്നു. സൃഷ്ടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു. ദീപാവലിക്ക് 65,000 രൂപ അവന്റെ കുടുംബാംഗങ്ങൾക്ക് അവൾ കൈമാറിയിട്ടുണ്ട്. അവൻ അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ബോദ്ധ്യമായി. ബാങ്കിനോട് ഒരു വർഷത്തെ സ്റ്റേറ്റ്‌മെന്റ് ചോദിച്ചിട്ടുണ്ട്. പണം നൽകാൻ സൃഷ്ടി വിസമ്മതിച്ചതാകാം മരണത്തിനു കാരണം. മരിക്കുന്നതിനു 15 മിനിറ്റ് മുൻപ് സൃഷ്ടി അമ്മയോടും അമ്മായിയോടും സംസാരിച്ചിരുന്നു. -വിവേക് തുലി പറഞ്ഞു.