കൊലപാതകങ്ങളെല്ലാം നടത്തിയത് ട്രെയിനിനുള്ളിൽ, ഇരകൾ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾ; പിടിയിലായത് 29കാരൻ

Friday 29 November 2024 10:21 AM IST

ഗാന്ധിനഗർ: നാല് സംസ്ഥാനങ്ങളിലായി ട്രെയിൻ യാത്രക്കാരികളായ നാലുപേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലറെ പൊലീസ് അറസ്റ്റുചെയ്തു. ഹരിയാനയിലെ റോഹ്തക് സ്വദേശിയും ഇരുപത്തൊമ്പതുകാരനുമായ രാഹുൽ സിംഗ് ജാട്ടാണ് പിടിയിലായത്. ഇയാൾ നാലുപേരെ കൊലപ്പെടുത്തിയെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പത്തൊമ്പതുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച ടീ ഷർട്ടും ബാഗും ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണം രാഹുൽ സിംഗിലേക്ക് എത്തുകയായിരുന്നു. ഇയാളുടെ വ്യക്തമായ ചിത്രം ലഭിച്ചതും പ്രതിയെ പിടികൂടുന്നത് എളുപ്പമാക്കി. കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. ചോദ്യംചെയ്യലിലാണ് ഇയാൾ കൂടുതൽ കൊലപാതകങ്ങൾ ചെയ്തു എന്ന് സമ്മതിച്ചത്.

അറസ്റ്റിന് ഒരുദിവസം മുമ്പും ഇയാൾ കൊലപാതകം നടത്തിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തെലങ്കാനയിലെ സെക്കന്തരാബാദ് സ്റ്റേഷനുസമീപത്തുവച്ച് ഒരു ട്രെയിൻ യാത്രക്കാരിയെ ഇയാൾ കൊള്ളയടിച്ചശേഷം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകൾ. എന്തും ചെയ്യാൻ മടിക്കാത്ത പ്രകൃതക്കാരനായിരുന്നു ഇയാൾ. അഞ്ചാംക്ളാസുവരെ പഠിച്ച രാഹുൽ കുട്ടിക്കാലം മുതൽ മോഷണം ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. മകന്റെ സ്വഭാവം മാറ്റാൻ പലതവണ ശ്രമിച്ചിട്ടും വിജയിക്കാതെ വന്നതോടെ രക്ഷിതാക്കൾ രാഹുലുമായുളള ബന്ധം അവസാനിപ്പിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷനിലും ട്രെയിനിലുമായി ഉറക്കവും കറക്കവും.

ഹരിയാന, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ പൊലീസ് സംഘം നടത്തിയ വൻ ഓപ്പറേഷനൊടുവിലാണ് രാഹുൽ പിടിയിലായത്. രണ്ടായിരത്തിലധികം സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ട്രെയിനുകളിൽ തന്നെ കഴിഞ്ഞിരുന്നതിനാൽ ഇയാളെ പിടികൂടുക എന്നത് ഏറെ ദുഷ്കരമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.