40 ശതമാനം കമ്മിഷൻ കിട്ടുന്ന ആ പരിപാടി പ്രേംകുമാർ അറിഞ്ഞോ? സീരിയലുകാരെ ഉപദ്രവിക്കുന്നതിന് മുമ്പ്
എൻഡോസൾഫാനേക്കാൾ മാരകമാണ് മലയാളത്തിലെ ചില സീരിയലുകൾ എന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പരാമർശം വലിയ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി, സീമ ജി നായർ തുടങ്ങി സീരിയൽ- സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ പ്രേംകുമാറിനെതിരെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സംവിധായകനും നിർമ്മാതാവുമായി അലപ്പി അഷ്‌റഫും പ്രേംകുമാറിനെ വിമർശിച്ചിരിക്കുകയാണ്. സീരിയൽ പ്രവർത്തകരായ ഒരുപാട് പേരുടെ അന്നം മുടക്കാതെ സിനിമയിൽ ചെയ്യേണ്ട പല കാര്യങ്ങളിലും ശ്രദ്ധിക്കണമെന്നാണ് അഷ്‌റഫിന്റെ പ്രതികരണം. നടി ശ്രീവിദ്യ ആയുഷ്‌കാലം മുഴുവൻ കഷ്‌ടപ്പെട്ട് സമ്പാദിച്ച കോടിക്കണക്കിന് സ്വത്തുക്കൾ ഗണേശ് കുമാർ വഴി സർക്കാരിൽ എത്തപ്പെട്ടു. ശ്രീവിദ്യയുടെ ആഗ്രഹമായിരുന്നു ഒരു ട്രസ്‌റ്റ് ഉണ്ടാക്കി ഡാൻസ് സ്കൂൾ സ്ഥാപിക്കുകയും, നിർധനരായ പെൺകുട്ടികളെ നൃത്തം പഠിപ്പിക്കുക എന്നുള്ളത്. അതേറ്റെടുത്ത് അവരുടെ അന്ത്യാഭിലാഷം സഫലമാക്കാതെ അടയിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ് ചെയ്യുന്നത്.
പ്രേംനസീറിന്റെ പേരിൽ ഫൗണ്ടേഷൻ ഉണ്ടാക്കിയിട്ട് നിർജീവമായി കിടക്കുകയാണ്. കലാകാരന്മാർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുകയാണ്. ഇക്കാര്യത്തിലൊക്കെ പ്രേംകുമാറിന് അഭിപ്രായം പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ തിരുത്തപ്പെടുന്നതിനോ കൊണ്ടുവരുന്നതിനോ ശബ്‌ദിക്കായമാരുന്നെന്നും പ്രേംകുമാറിനോട് സെൻസർ ബോർഡ് മുൻ മെമ്പർ കൂടിയായ ആലപ്പി അഷ്‌റഫ് ആവശ്യപ്പെടുന്നു.
കെഎസ്എഫ്ഡിസി 160 കോടി കിഫ്‌ബിയിൽ നിന്ന് കടമെടുത്ത് സിനിമാ എക്യുപ്‌മെന്റുകൾ വാങ്ങാൻ പോവുകയാണ്. ആര് പർച്ചേസ് ചെയ‌്താലും 40 ശതമാനം കമ്മിഷൻ ഉറപ്പാണ്. ഇതൊക്കെ അക്കാദമി ചെയർമാനായ പ്രേംകുമാർ അറിയുന്നുണ്ടോയെന്നും അഷ്‌റഫ് ചോദിക്കുന്നു.