പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ സംഭവം; സഹപാഠി അറസ്‌റ്റിൽ

Friday 29 November 2024 5:27 PM IST

പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയ സംഭവത്തിൽ സഹപാഠിയായ പ്ളസ്‌ടു വിദ്യാർത്ഥി അറസ്‌റ്റിൽ. തുടർച്ചയായ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതോടെയാണ് പൊലീസ് വിദ്യാർത്ഥിയെ അറസ്‌റ്റ് ചെയ‌്തത്. പോക്സ‌സോ കേസടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. 18 വയസും ആറ് മാസവുമാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രതിയുടെ പ്രായം.

മരിച്ച 17കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പനി ബാധിച്ച പെൺകുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നവംബർ 22ാം തീയതിയാണ് പെൺകുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

പെൺകുട്ടി അമിതമായ അളവിൽ മരുന്ന് കഴിച്ചത് അണുബാധയിലേക്ക് നയിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നെന്നാണ് നിലവിലെ നിഗമനം. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് ബന്ധുക്കൾക്കും അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം.