ഒന്നും മിണ്ടാതെ സുരഭി: സംവിധാനം ജയരാജ്
ജയരാജ് സംവിധാനം ചെയ്യുന്ന അവൾ എന്ന ചിത്രത്തിൽ സുരഭി ലക്ഷ്‌മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംസാരശേഷിയില്ലാത്തതും ദുർഘടമായ ജീവിതസാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ച ജീവിതം മുൻപോട്ടു കൊണ്ടുപോകുന്നതുമായ കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. ഗോൾഡൻ വിന്നർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിലേക്ക് നാടൻപാട്ടുകൾ ക്ഷണിച്ചിട്ടുണ്ട്. സംസാരിക്കാൻ കഴിയാത്തവരുടെ വേദനകൾ പ്രേക്ഷകരുമായി സംവദിക്കാൻ തരത്തിൽ അർത്ഥം വരുന്ന വാക്കുകളിലൂടെയുള്ള നാടൻപാട്ടുകളാണ് ക്ഷണിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭിയുടെ അരങ്ങേറ്റം. ജയരാജ് സംവിധാനം ചെയ്ത ഗുൽമോഹർ സിനിമയിൽ നിർമല എന്ന ശ്രദ്ധേയ കഥാപാത്രത്തെ സുരഭി അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം അഭിനയ ജീവിതത്തിൽ മികച്ച യാത്രയിലാണ് സുരഭി. ടൊവിനോ തോമസ് ട്രിപ്പിൾ വേഷത്തിൽ എത്തിയ അജയന്റെ രണ്ടാം മോഷണം സിനിമയിൽ രണ്ടു വേഷങ്ങളിൽ എത്തി സുരഭി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന റൈഫിൾ ക്ളബിൽ തോക്കേന്തി നിൽക്കുന്ന സുരഭിയുടെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധ നേടി. വേറിട്ട ലുക്കിലാണ് ചിത്രത്തിൽ സുരഭി ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മലയാളത്തിൽ അഭിനയ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ളബ്.