ഭാര്യയെ തീകൊളുത്തി കൊന്നയാൾക്ക് 5 വർഷം തടവും രണ്ട് ലക്ഷം പിഴയും

Saturday 30 November 2024 1:36 AM IST

തിരുവനന്തപുരം : ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൂന്തുറ മുട്ടത്തറ മണിക്കാവിളാകം ടി.സി 69/298 -ൽ എസ്.ജോസഫിനെ തിരുവനന്തപുരം അഡി.ജില്ലാ ജഡ്ജ് വിഷ്ണു.കെ അഞ്ചു വർഷം കഠിന തടവിനും, 2 ലക്ഷം രൂപ പിഴ ഒടുക്കാനും, പിഴ ഒടുക്കിയില്ലെങ്കിൽ 6മാസം കഠിന തടവിനും ശിക്ഷിച്ചു. പിഴസംഖ്യ പ്രതിയുടെ കുട്ടികൾക്ക് കൊടുക്കാനും കോടതി ഉത്തരവായി. 2017 മേയ് 21 ന് രാത്രി 11.45 മണിയോടെയാണ് സംഭവം. ആറ്‌ മക്കളുടെ മാതാവായ ഭാര്യ നിർമ്മല വീടിന്റെ ഹാൾ മുറിയിൽ കിടന്നുറങ്ങുമ്പോൾ, ജോസഫ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി എന്നാണ് കേസ്. മദ്യപാനിയായ ജോസഫിന് ഭാര്യയെ സംശയമായിരുന്നു, ഇതേച്ചൊല്ലി നിരന്തരം ഭാര്യയെ ഉപദ്രവിക്കുമായിരുന്നു. പ്രതി കുഷ്ഠരോഗിയാണെന്നതും, ഡയബറ്റിക്, കിഡ്നി സംബന്ധമായ അസുഖം, കാലുകൾക്കുള്ള വൈകല്യം എന്നിവ പരിഗണിച്ചും ശിക്ഷയിൽ ഇളവ് നൽകിയിട്ടുണ്ട്.സർക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ആർ.ആർ.ഷാജി ഹാജരായി. അഡ്വ.എ.ഷമീർ, അസീം നെടുമങ്ങാട്, നീരജ്ആർ,രാജ്കമൽ, മർവ എ.എ, ഗിരി സജീവൻ, ആനന്ദ് ബി.നായർ തുടങ്ങിയവരും ഹാജരായി.