ഗുരുദേവ സൗരഭ്യം വത്തിക്കാനിലും
സ്നേഹത്തിന്റെയും അതിൽ പിറക്കുന്ന ഏകലോക സങ്കല്പത്തിന്റെയും വിശുദ്ധമായൊരു പുഴയായിരുന്നു ശ്രീനാരായണ ഗുരുദേവൻ. മതത്തിനും, അതിന്റെ പേരിൽ ലോകമാകെ തഴച്ചുവളരുന്ന മാത്സര്യങ്ങൾക്കും മീതെ, മനുഷ്യൻ എന്ന ഈശ്വരസൃഷ്ടിയെ പ്രതിഷ്ഠിക്കുന്ന പുണ്യ ദർശനമായിരുന്നു ആ പുഴയുടെ തെളിനീരൊഴുക്ക്. കേരളം എന്നൊരു കൈക്കുടന്നയിൽ പിറന്നതുകൊണ്ടും, പിന്നാക്ക ജാതി എന്ന മനുഷ്യസ്രഷ്ടമായ അതിരിന് അകത്തായതുകൊണ്ടും ലോകമാകെ ഒഴുകി നിറയാൻ ദൂരം പിന്നെയും ബാക്കിയായെന്നു മാത്രം. ദൈവത്തെക്കുറിച്ചല്ല; മനുഷ്യനെക്കുറിച്ചായിരുന്നു ഗുരുവിന്റെ മഹാദർശനം. മഹാദേവനെന്ന് ഗുരു വിളിച്ചത്, ശിവഭഗവാനെയല്ല, മനുഷ്യനെന്ന അദ്ഭുത സൃഷ്ടിക്കു പിന്നിലെ മഹാശക്തിയെ തന്നെയാണ്. അതുകൊണ്ടാണ് ഗുരുദർശനം വിശ്വദർശനമാകുന്നതും, നാണുവെന്ന നാരായണഗുരു ഒഴുകിയൊഴുകി വിശ്വഗുരുവായി, സത്യബോധത്തിന്റെയും സർവ ജ്ഞാനത്തിന്റെയും ഗിരിശിഖരങ്ങളിലേക്കു കൂടി പടർന്നു കയറുന്നതും. ആ ദർശനത്തിനും ശാന്തിസങ്കല്പങ്ങൾക്കും ലോകത്തോളം വ്യാപ്തി സമ്മാനിക്കുന്നൊരു ധന്യവേളയ്ക്കാണ് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ, ക്രിസ്തുമതത്തിന്റെ ആസ്ഥാനമായി ലോകം ബഹുമാനിക്കുന്ന വത്തിക്കാനിൽ തിരിതെളിഞ്ഞ ലോക മത പാർലമെന്റ് വേദിയൊരുക്കുന്നത്!
മനുഷ്യസ്നേഹവും ലോകശാന്തിയും ലക്ഷ്യമാക്കി ഗുരുദേവൻ വിഭാവനം ചെയ്ത ദർശനത്തിന്റെയും കർമ്മങ്ങളുടെയും വ്യാപ്തിയും ദീപ്തിയും ഈ സുദിനത്തിനുണ്ട്. ലോകമെമ്പാടുമുള്ള ശ്രീനാരായണീയർക്കും ക്രൈസ്തവ വിശ്വാസികൾക്കും അഭിമാനവും സന്തോഷവും പകരുന്ന ഈ സുവിശേഷ മുഹൂർത്തം അവർക്കു മാത്രമല്ല, മാനവരാശിക്കാകെ പുതിയ പ്രതീക്ഷയും ദിശാബോധവും പകർന്നു നൽകും. ലോക മത പാർലമെന്റിൽ, ഫ്രാൻസിസ് മാർപാപ്പ ഇന്നു നിർവഹിക്കുന്ന ആശീർവാദ പ്രഭാഷണം ശ്രവിക്കാൻ ലോകം ചെവിയോർത്തു നിൽക്കുന്നു. ആലുവയിൽ, പെരിയാർ തീരത്തെ അദ്വൈതാശ്രമം ഒരു നൂറ്റാണ്ടിനു ശേഷം മറ്റൊരു ധന്യത കൈവരിക്കുന്ന അപൂർവ സന്ദർഭം കൂടിയാണ് ഇത്. ഇവിടെയാണ് 1924-ൽ ശ്രീനാരായണ ഗുരു ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം വിളിച്ചുചേർത്തത്. അതിന്റെ ശതാബ്ദി നിറവിലാണ് വത്തിക്കാനിലെ ഈ സർവമത സമ്മേളനവും, ലോക മത പാർലമെന്റും നടക്കുന്നത് എന്നതിനു തന്നെ ഒരു ദർശന സൗന്ദര്യവും സൗരഭ്യവുമുണ്ട്.
ലോകത്തെ സ്നേഹത്തിന്റെ വേദപുസ്തകം പഠിപ്പിച്ച ക്രിസ്തുദേവന്റെ തിരുവിശ്വാസങ്ങളുടെ അൾത്താരയായ വത്തിക്കാനിൽ നടക്കുന്ന ലോക മത പാർലമെന്റിൽ എല്ലാ മതവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ആചാര്യന്മാരും അനുയായിവൃന്ദവുമുണ്ട്- പതിനഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന ഈ പ്രതിനിധികൾ ഈ ലോക മത പാർലമെന്റിനു ശേഷം മടങ്ങുന്നത് മനുഷ്യസ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും ഗുരുദർശന ദീപ്തി മനസിൽ ഏറ്റുവാങ്ങിയായിരിക്കും എന്നു തീർച്ച. യുദ്ധങ്ങളും കലാപങ്ങളും കരിനിഴൽ പടർത്തുന്ന ലോകത്തിന് ആ ദർശന ദീപ്തി ശാന്തിയുടെ പുതിയ സൂര്യപ്രകാശമാകും. വാദിച്ചും കലഹിച്ചും ആരെയും തോല്പിക്കുവാനല്ല, സ്വയം അറിയാനും, അറിഞ്ഞതിനെക്കുറിച്ച് ലോകത്തെ അറിയിക്കാനുമായിരുന്നു ഗുരുവിന്റെ ജീവിതവും കർമ്മവും. നൂറ്റാണ്ടു പിന്നിട്ട, ആലുവ സർവമത സമ്മേളനത്തിന്റെ കവാടത്തിലെ സ്വാഗതവചനം തന്നെ അതായിരുന്നു. സ്വയം അറിയാനും, അതിൽ നിന്ന് ഉദിക്കുന്ന സ്നേഹജ്ഞാനം ലോകത്തിന് പറഞ്ഞുകൊടുക്കാനുമായിരുന്നു, ഗുരുവിന്റെ യാത്രകളും കാവ്യരചനകളും.
ലോകത്ത് മതാചര്യന്മാർക്കും ആത്മീയ നേതാക്കൾക്കും കുറവില്ലെന്നു മാത്രമല്ല, പുതിയ പുതിയ ആൾദൈവങ്ങൾ ഉയർന്നുവരികയും ചെയ്യുന്നു! താൻ ദൈവമല്ലെന്നും, തന്നെ ആരാധിക്കരുതെന്നും ഗുരു പറഞ്ഞിട്ടുണ്ട്. ആരാധനയ്ക്ക്, അത് അന്ധമായ വിശ്വാസത്തിൽ കേന്ദ്രീകരിക്കുന്നതാണ് എന്നൊരു ന്യൂനതയുണ്ട്. അനുസരണയ്ക്കാകട്ടെ, ചോദ്യംചെയ്യാനാകാത്ത ആധിപത്യത്തിന്റെ കീഴ്പ്പെടലുമുണ്ട്. അതുകൊണ്ടാണ് ആരാധനയ്ക്കും അനുസരണയ്ക്കും മീതെ ഗുരു അറിവിനെ പ്രതിഷ്ഠിച്ചത്. മതാചാര്യന്മാരിൽ പലരുടെയും കാഴ്ചപ്പാടുകളിൽ പലപ്പോഴും നിഴലിക്കുന്നത് അവരുടെ തന്നെ സ്വകാര്യമായ മതവിശ്വാസങ്ങളും പ്രമാണങ്ങളുമായിരിക്കും. അതുകൊണ്ടാണ് മതം വളരുമ്പോഴും മനുഷ്യൻ തളരുന്നത്.
ഏകദൈവമെന്ന് ഗുരു പറഞ്ഞതത്രയും പ്രപഞ്ച ശക്തിയെക്കുറിച്ചാണ്. അരുവിപ്പുറത്ത് നാം പ്രതിഷ്ഠിച്ചത് ഈഴവശ്ശിവനെയാണെന്ന് മറുപടി നല്കി, മത പ്രമാണിമാരുടെ വായടപ്പിച്ചപ്പോൾ, മതത്തെ തള്ളിപ്പറയുകയല്ല, ഓരോരുത്തർക്കും അവരുടെ വിശ്വാസം അവരുടെ ഈശ്വരനാണ് എന്ന് തെളിച്ചു പറയുകയാണ് ചെയ്തത്. അതായത്, വിശ്വാസങ്ങൾ പലതെങ്കിലും ഈശ്വരൻ ഒന്നുതന്നെ എന്ന പരമസത്യം. വത്തിക്കാനിൽ സർവമത സമ്മേളനം നടക്കുമ്പോൾ, ഗുരു രചിച്ച 'അനുകമ്പാദശക"ത്തിനും പ്രസക്തിയേറുന്നു എന്നതാണ് മറ്റൊരു സന്തോഷം. ആലുവയിൽ സർവമത സമ്മേളനം എന്ന ആശയം രൂപപ്പെടുന്ന നാളുകളിൽ രചിക്കപ്പെട്ടതാണ് ഈ ദശകമെന്നാണ് വിശ്വാസം. ഗുരുതന്നെ രചിച്ച 'ദൈവ ദശകം "പ്രാർത്ഥനാഗീതത്തിന്റെ ഇറ്റാലിയൻ പരിഭാഷയിലെ ആലാപനത്തോടെയാണ് ലോക മത പാർലമെന്റിന് പ്രാരംഭമായത്!
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹാ സന്ദേശത്തിലൂടെ മതത്തിന്റെ കപടവേഷങ്ങളെ ഗുരു ഇല്ലാതാക്കി. പല ജാതി ചായക്കൂട്ടുകൾ തട്ടിയെറിഞ്ഞു. ഒരു ദൈവം എന്ന സങ്കല്പത്തിൽ ഗുരുദേവൻ പ്രതിഷ്ഠിച്ചതും ആരാധിച്ചതും മനുഷ്യ സ്നേഹത്തെയായിരുന്നു. എല്ലാവരെയും ഗുരു ആത്മസഹോദരങ്ങളായി കണ്ടു. അവരുടെ ക്ഷേമത്തിനും മോചനത്തിനും വേണ്ടിയായിരുന്നു ഗുരുവിന്റെ കർമ്മപരമ്പര. സ്നേഹത്തിന്റെ തിരുസ്വരൂപമായ ക്രിസ്തുദേവന്റെ ജീവിതവും, കുരിശിലേറ്റപ്പെടും വരെ അതിനുവേണ്ടിയായിരുന്നു. ചെമ്പഴന്തിയിൽ ജനിച്ച്, മരുത്വാമലയിലെയും അരുവിപ്പുറത്തെയും തപസും കഴിഞ്ഞ് കർമ്മയാത്ര തുടങ്ങിയ ഗുരുദേവന്റെ ശ്രമങ്ങളത്രയും ഏഴകളുടെ മോചനവും ക്ഷേമവും ലക്ഷ്യമാക്കിയായിരുന്നു. അങ്ങനെ ക്രിസ്തുദേവൻ ഇക്കാര്യത്തിൽ ഗുരുവിന്റെ ഇഷ്ടദേവനുമായി.
വിശ്വ മഹാഗുരുവായ ഗുരുദേവന്റെ സ്മരണയിൽ, മാനവസ്നേഹത്തിന്റെ ആത്മീയ കേന്ദ്രമായ വത്തിക്കാനിൽ ഇത്തരമൊരു സർവമത സമ്മേളനവും ലോക മത പാർലമെന്റും സംഘടിപ്പിച്ചതിൽ ശിവഗിരി മഠവും. മഠാധിപതി സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, ഈ സംരംഭത്തിന്റെ മുഖ്യ സംഘാടകനായ സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവരും അഭിനന്ദനവും പ്രശംസയും അർഹിക്കുന്നു. വാർത്താവിതരണ ബന്ധങ്ങൾ തീരെ പരിമിതമായ കാലം തൊട്ടേ, 113 വർഷങ്ങളായി ഗുരുദേവ സന്ദേശ പ്രചാരണത്തിനും, പിന്നാക്കമെന്നു പേരിട്ട് പടികടത്തപ്പെട്ടവരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുകയാണ്
'കേരളകൗമുദി." വിശിഷ്ടമായ ഈ സമ്മേളനം നടക്കുന്നതിൽ ഞങ്ങൾ ആത്മാർത്ഥമായി സന്തോഷിക്കുന്നു. ഇതിന്റെ സാരഥികൾക്കും പങ്കെടുക്കുന്നവർക്കും, പ്രത്യേകിച്ച് ഈ സമ്മേളനത്തെ ആശീർവദിക്കുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കും ആശംസകൾ നേരുന്നു. എവിടെയും സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും ശാന്തിയുടെയും പ്രകാശം നിറയട്ടെയെന്ന, ലോകത്തിന്റെ ആഗ്രഹവും പ്രതീക്ഷയും ഞങ്ങളുടെ മുഴുവൻ വായനക്കാരുമായും ഹൃദയപൂർവം പങ്കുവയ്ക്കുന്നു.
ദീപു രവി
ചീഫ് എഡിറ്റർ