ഡൽഹിയിലെ സ്‌കൂളിന് ബോംബ് ഭീഷണി; വ്യാജം

Saturday 30 November 2024 1:07 AM IST

ന്യൂഡൽഹി : വ്യാഴാഴ്ച ഡൽഹിയിലെ പ്രശാന്ത് വിഹാറിൽ സ്‌ഫോടനമുണ്ടായതിന്റെ ഞെട്ടൽ മാറും മുമ്പേ ഇന്നലെ രോഹിണിയിലെ സ്വകാര്യ സ്‌കൂളിന് ഇ-മെയിൽ വഴി ബോംബ് ഭീഷണിയെത്തി. രാവിലെ 11.55ഓടെ വിവരം ലഭിച്ച പൊലീസും ബോംബ് സ്‌ക്വാഡും സ്‌കൂളിലെത്തി വിശദമായ പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. അതിനിടെ, സ്‌കൂൾ അധികൃതർ കുട്ടികളെ ക്ലാസുകളിൽ നിന്ന് ഒഴിപ്പിച്ച് മാതാപിതാക്കൾക്കൊപ്പം വീടുകളിലേക്ക് അയച്ചു.

 സ്‌ഫോടനത്തിൽ കേസ്

പ്രശാന്ത് വിഹാറിലെ സ്‌ഫോടനത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണഏജൻസികൾ വിശദമായി പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അവിടുത്തെ താമസക്കാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ മൊഴിയെടുത്തു. എൻ.ഐ.എ,​ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ തുടങ്ങിയ ഏജൻസികൾ ഭീകരബന്ധം അടക്കം അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 20ന് പ്രശാന്ത് വിഹാറിലെ സി.ആർ.പി.എഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു.