മോശം കാലാവസ്ഥ; വിമാന സർവീസുകൾ നിർത്തിവച്ച് ഇൻഡിഗോ

Saturday 30 November 2024 10:42 AM IST

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മോശം കാലാവസ്ഥയിൽ വിമാനസർവീസുകൾ നിറുത്തിവയ്‌ക്കുന്നതായി ഇൻഡിഗോ എയർലൈൻസ്. ചെന്നൈയിൽ നിന്നുള്ള എല്ലാ സർവീസുകളും നിറുത്തിവച്ചതായി ഇൻഡിഡോ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകിയാണ് തീരുമാനമെന്നും, കാലാവസ്ഥ പൂർവസ്ഥിതിയിലാകുന്ന മുറയ്‌ക്ക് സർവീസുകൾ പുനസ്ഥാപിക്കുമെന്നും എക്‌സിൽ പങ്കുവച്ച വാർത്താക്കുറിപ്പിൽ ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്ക് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കണമെന്നും യാത്രക്കാരോട് ഇൻഡിഗോ അഭ്യർത്ഥിച്ചു.

അതേസമയം, ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടർന്ന് ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് തമിഴ്‌നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനാണ് നിർദേശം. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. 2299 ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് നടക്കാനിരുന്ന രാഷ്ട്രപതിയുടെ പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. 90 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.