പദയാത്ര‌യ്‌ക്കിടെ അരവിന്ദ്  കേജ്‌രിവാളിന്  നേരെ  ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

Saturday 30 November 2024 7:29 PM IST

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഷെയ്‌ഖ്സരായിൽ പദയാത്രയ്‌ക്കിടെ ആം ആദ്‌മി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ ദേഹത്ത് സ്‌പിരിറ്റ് ഒഴിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രവർത്തകരും ചേർന്ന് പിടികൂടി. ഇന്നലെ വൈകിട്ടാണ് സംഭവം.

ഗ്രേറ്റർ കൈലാഷ് എം.എൽ.എയും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജിനൊപ്പം കേജ്‌രിവാൾതെരുവിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങുമ്പോഴാണ് സംഭവം. ആളുകളെ വടം കെട്ടി നിയന്ത്രിച്ചിരുന്നെങ്കിലും യുവാവ് ഇടയ്‌ക്ക് കയറി ഗ്ളാസിൽ കരുതിയ ദ്രാവകം കേജ്‌രിവാളിന്റെ മേൽ ഒഴിക്കുകയായിരുന്നു. പ്രവർത്തകർ കൈയേറ്റം ചെയ്‌ത യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു. ഖാൻപൂർ ബസ് ഡിപ്പോയിലെ മാർഷൽ ആയി ജോലി ചെയ്യുന്ന അശോക് ഝായാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

കേജ‌്‌രിവാളിന്റെ ദേഹത്ത് സ്‌പിരിറ്റ് ഒഴിച്ച് കത്തിക്കാനായിരുന്നു നീക്കമെന്ന് സൗരഭ് ഭരദ്വാജ് ആരോപിച്ചു. പ്രവർത്തകർ പരാജയപ്പെടുത്തിയതിനാൽ അയാൾക്ക് തീ കൊളുത്താനായില്ല. തലസ്ഥാനത്ത് ഒരു മുൻ മുഖ്യമന്ത്രി സുരക്ഷിതനല്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്താണ്. ഡൽഹിയിൽ ക്രമസമാധാനം തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആം ആദ്‌മി പാർട്ടി പരിപാടിക്ക് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്നും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയില്ലെന്നും പൊലീസ് പറഞ്ഞു. എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അരവിന്ദ് കേജ്‌രിവാളിനു നേരെ മാത്രം ഇത്തരത്തിൽ അക്രമണമുണ്ടാകുന്നത് വിചിത്രമാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ഇത് പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് പോലെയാണെന്നും പരിഹസിച്ചു.