ഥാറിൽ റോഡിലൂടെ 'പൊടിപറത്തി' അഭ്യാസം; വീഡിയോ വെെറലായതിന് പിന്നാലെ പിടിയിൽ

Saturday 30 November 2024 9:28 PM IST

ലക്‌നൗ: മഹീന്ദ്ര ഥാർ എസ് യു വിയുടെ മുകളിൽ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ വെെറലായതിന് പിന്നാലെയാണ് നടപടി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. മുണ്ഡലി ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്.

എസ് യു വിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടികൊണ്ട് മണ്ണ് ഇടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ ഉള്ളത്. പിന്നീട് വാഹനവുമായി ഇയാൾ അമിതവേഗത്തിൽ റോഡിലൂടെ പോകുന്നതും കാണാം. മണ്ണ് പറന്ന് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും വീഡിയോയിൽ ഉണ്ട്. നിരവധി വാഹനങ്ങൾ ഈ സമയം ആ റോഡിൽ ഉണ്ടായിരുന്നു. വീഡിയോ വെെറലായതിന് പിന്നാലെ വാഹനം തിരിച്ചറിഞ്ഞ മീറത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.