'എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകും'; കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി
Monday 02 December 2024 2:51 PM IST
ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്നും കോടതി ചോദിച്ചു. എംഎൽഎയുടെ മകൻ വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
2018 ജനുവരിയിലാണ് അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി പ്രത്യേക നിയമനം നൽകുവാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ നിയമനം ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹെെക്കോടതി റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ സുപ്രീംകോടി തള്ളിയത്.