മിഷേൽ ഷാജിയുടെ അച്ഛൻ ചിലത് കാണിച്ചു തരികയും പറയുകയും ചെയ‌്തു, കേസിന് മറ്റൊരു വശമുണ്ടെന്ന് അഭിലാഷ് പിള്ള

Monday 02 December 2024 5:55 PM IST

മിഷേൽ ഷാജിയുടെ ബയോപിക്ക് അല്ല ആനന്ദ് ശ്രീബാല. കാരണം ആ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലും താനോ സംവിധായകനോ കണ്ടിട്ടില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. തീർച്ചയായും മിഷേൽ ഷാജിയുടെ തിരോധാനം സിനിമയുടെ കഥയെ സ്വാധീനിച്ചിട്ടുണ്ട്. സിനിമ കാണുന്നവർ മിഷേലിന് എന്തു സംഭവിച്ചു എന്ന് ചോദിക്കുമെന്നും അഭിലാഷ് പറഞ്ഞു.

സിനിമയുടെ റിലീസിന് മുമ്പ് മിഷേലിന്റെ അച്ഛനുമായി സംസാരിച്ചു. ചെറിയൊരു ഐസ് ബ്രേക്കിംഗിന് ശേഷമായിരുന്നു ആ സംസാരം. ആ സമയത്ത് ഞാൻ അദ്ദേഹത്തോട് ചോദിച്ചു മിഷേലിന്റെ കാര്യത്തിലെ ചില സംശയങ്ങൾക്ക് പിന്നിൽ എന്താണെന്ന്? തെളിവുകൾ എന്തെങ്കിലുമുണ്ടോയെന്നും ചോദിച്ചിരുന്നു. അടുത്ത ദിവസം അദ്ദേഹം കുറച്ച് കാര്യങ്ങൾ കാണിച്ചു തരികയും, പറയുകയും ചെയ‌്തു. അപ്പോഴാണ് ഇതിന് പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് എന്ന് നമുക്ക് മനസിലായത്. അവർ കണ്ടെത്തിയ തെളിവുകൾ നാളെ കോടതിയിൽ സമർപ്പിക്കപ്പെടുമ്പോൾ മിഷേൽ കേസിന് മറ്റൊരു വശമുണ്ടെന്ന് നമ്മൾ എല്ലാവരും അറിയും. അത് പുറത്തുവരാൻ വേണ്ടിയാണ് വെയിറ്റ് ചെയ്യുന്നത്. ആ സമയത്ത് ആനന്ദ് ശ്രീബാല ടീമിന് അഭിമാനിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

മാളികപ്പുറം', '2018' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ആനന്ദ് ശ്രീബാല. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ ചാനൽ റിപ്പോർട്ടറുടെ വേഷം അപർണ്ണദാസാണ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.