ബാഗേജില്‍ ചിറകടി ശബ്ദം, കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം; സ്ത്രീ ഉള്‍പ്പെടെ അറസ്റ്റില്‍

Monday 02 December 2024 9:01 PM IST

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങളുടെ പക്ഷിവേട്ട. അപൂര്‍വയിനം വേഴാമ്പലുള്‍പ്പെടെ 14 ഇനം പക്ഷികളുമായി രണ്ട് തിരുവനന്തപുരം സ്വദേശികളെ പിടികൂടി. 25000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളേയാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ശരത്, ബിന്ദു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായിട്ടാണ് ഇവര്‍ പക്ഷികളെ കൊണ്ടുവന്നത്.

യാത്രക്കാരുടെ പെരുമാറ്റത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതാണ് അനധികൃത കടത്ത് പിടികൂടാന്‍ കാരണമായത്. സംശയം തോന്നിയ ഉടനെ ബിന്ദുവിന്റേയും ശരത്തിന്റേയും ബാഗേജ് തുറന്ന് വിശദമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ബാഗ് തുറന്നപ്പോള്‍ ചിറകടി ശബ്ദം കേള്‍ക്കുകയായിരുന്നു. ബാഗില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ തുറന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.