യു.കെയിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ

Tuesday 03 December 2024 1:08 AM IST

ആറ്റിങ്ങൽ: യു.കെയിൽ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ ഒരാളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ വാണിയപ്പാറ മുഞ്ഞനാട് അയ്യൻകുന്നിൽ അഭിലാഷ് ഫിലിപ്പാണ് (38) പിടിയിലായത്. യു.കെയിലേക്ക് ജോലി വിസ വാഗ്ദാനം നൽകി ആറ്റിങ്ങൽ സ്വദേശിനിയും കോടതി ജീവനക്കാരിയുമായ യുവതിയിൽ നിന്നും 14 ലക്ഷത്തോളം രൂപ പലതവണകളായി തട്ടിയെടുത്ത കേസിലാണ് ഫിലിപ്പിനെ പിടികൂടിയത്. സ്റ്റർ നെറ്റ് ഇന്റർ നാഷണൽ റിക്രൂട്ട്മെന്റ് എന്ന പേരിൽ കമ്പനി നടത്തിയിരുന്ന പ്രതി,​ യു.കെയിലും മറ്റ് വിദേശ രാജ്യങ്ങളിലും ആകർഷകമായ ശമ്പളം ലഭിക്കുമെന്നും ജോലി തരപ്പെടുത്തി വിസ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. ടെലഗ്രാം,ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിൽ വളരെ ആകർഷകമായ രീതിയിൽ കമ്പനിയുടെ പ്രൊഫൈൽ നൽകിയാണ് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കുന്നത്. വ്യാജ സ്പോൺസർ ഷിപ്പ് സർട്ടിഫിക്കറ്റ് തരപ്പെടുത്തി പണം കൈപ്പറ്റിയ ശേഷം തട്ടിപ്പിൽ പങ്കാളികളായ ആസ്ട്രേലിയയിലുള്ള കമ്പനിയിലെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് തുക മാറ്റുകയും ചെയ്തു. ഇത്തരത്തിൽ 100 കണക്കിനുപേരിൽ നിന്നും ഏകദേശം 10 കോടിയോളം രൂപ തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ, കല്ലമ്പലം, വിയ്യൂർ, എറണാകുളം ടൗൺ, സൗത്ത്,പുത്തൻവേലിക്കര തുടങ്ങിയ പല പൊലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ പത്തോളം കേസുകൾ നിവലിൽ ഉണ്ടെന്നാണ് വിവരം.