പാർലമെന്റിൽ ഇന്നു മുതൽ സഹകരിക്കും: പ്രതിപക്ഷം, സംഭാൽ, ബംഗ്ളാദേശ്​​​​​​​ വിഷയത്തിൽ ചർച്ച നടത്തും

Tuesday 03 December 2024 12:02 AM IST

ന്യൂഡൽഹി: തുടർച്ചയായ ആറു ദിവസത്തെ സ്‌തംഭനത്തിന് ശേഷം പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു മുതൽ സുഗമമായി പ്രവർത്തിക്കാൻ കേന്ദ്രസർക്കാരും പ്രതിപക്ഷവും ധാരണയിലായി. ഇന്നലെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ സാന്നിദ്ധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ അഭ്യർത്ഥന സ്വീകരിച്ച് പാർലമെന്റിൽ ഭരണഘടനയെക്കുറിച്ചും യു.പി സംഭാൽ വിഷയത്തിലും ചർച്ച നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 20 വരെയാണ് സമ്മേളനം.ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷികം കണക്കിലെടുത്ത് 13,14 തീയതികളിൽ ലോക്‌സഭയിലും 16, 17 തീയതികളിൽ രാജ്യസഭയിലും ചർച്ച നടക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സംഭാൽ,ബംഗ്ളാദേശ് വിഷയങ്ങളിൽ ഇന്ന് ചർച്ചയുണ്ടാകും. ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ചൈനാ വിഷയത്തിലെ പ്രസ്‌താവനയും ഇന്നുണ്ടായേക്കും. സ്‌പീക്കർ വിളിച്ച സർവകക്ഷി യോഗത്തിൽ പാർലമെന്റ് സുഗമമായി പ്രവർത്തിപ്പിക്കാൻ സഹകരിക്കുമെന്ന് പ്രതിപക്ഷം സമ്മതിച്ചതായും കിരൺ റിജിജു പറഞ്ഞു.

സഭ സ്‌തംഭിച്ചു

ഇന്നലെ അദാനി അഴിമതി,സംഭാൽ വിഷയങ്ങൾ എന്നിവയെ ചൊല്ലിയുള്ള ബഹളത്തിൽ തുടർച്ചയായ ആറാം ദിവസവും ഇരുസഭകളും സ്‌തംഭിച്ചു. രാജ്യസഭ രാവിലെ തന്നെ പിരിഞ്ഞു. ലോക്‌സഭ 12മണി നിറുത്തിവച്ച് പിന്നീട് ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയിൽ അഭ്യന്തര ചരക്കു കടത്ത് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന കോസ്റ്റർ ഷിപ്പിംഗ് ബിൽ അവതരണമാണ് നടന്നത്. അതേസമയം,അദാനി വിഷയത്തിൽ സഭ സ്‌തംഭിപ്പിക്കുന്നതിലെ ഭിന്നത തൃണമൂൽ കോൺഗ്രസ് പ്രകടിപ്പിച്ചു. ഇന്നലത്തെ 'ഇന്ത്യ' മുന്നണി യോഗത്തിൽ നിന്ന് അവർ വിട്ടു നിന്നു. ഇതോടെ സഭാ സ്‌തംഭനം ഒഴിവാക്കാൻ അദാനി വിഷയത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ കോൺഗ്രസും തയ്യാറായി.