മണിരത്‌നം ഇനി രജനിയോടൊപ്പം

Tuesday 03 December 2024 3:10 AM IST

33 വർഷത്തെ ഇടവേളയ്ക്കുശേഷം രജനികാന്തും മണിരത്നവും ഒരുമിക്കുന്നു.

അടുത്തവർഷം മധ്യത്തിൽ ചിത്രീകരണം ആരംഭിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ അഭിനയിക്കുകയാണ് രജനികാന്ത്. കൂലി പൂർത്തിയാക്കിയശേഷം ജയിലർ 2 ആണ് രജനിയുടെ അടുത്ത പ്രോജക്ട്. ഇതിനുശേഷം ആത്മകഥ എഴുത്തിന്റെ ജോലിയിൽ പ്രവേശിക്കും. കൂലി 2 നുശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് അഭിനയിക്കും.

1991 ൽ റിലീസ് ചെയ്ത ദളപതി എന്ന ബ്ളോക് ബസ്ഠറ്റർ ചിത്രത്തിനുവേണ്ടിയാണ് രജനികാന്തും മണിരത്‌നവും ആദ്യമായി ഒരുമിച്ചത്. രജനികാന്തിനൊപ്പം മമ്മൂട്ടിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ശോഭനയാണ് നായിക. മനോജ് കെ. ജയൻ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രംകൂടിയാണ്.

രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12ന് ചിത്രം റി റിലീസ് ചെയ്യുന്നുണ്ട്.അതേസമയം 37 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും വീണ്ടും ഒരുമിക്കുന്ന തഗ് ലൈഫിനു പിന്നാലെയാണ് രജനികാന്ത് ചിത്രം കൂടി മണിരത്നംസംവിധാനം ചെയ്യുന്നത്.തൃഷയാണ് നായിക.ചിമ്പു, ജോജു ജോർജ്, എെശ്വര്യ ലക്ഷ്മി, അഭിരാമി, നാസർ തുടങ്ങി നീണ്ട താരനിരയുണ്ട്. ജൂൺ 5ന് ലോകവ്യാപകമായി തഗ് ലൈഫ് റിലീസ് ചെയ്യും.