ഇനി ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് 'കോളടിക്കും'; പുതിയ തീരുമാനമെടുത്ത് റെയില്‍വേ

Tuesday 03 December 2024 8:12 PM IST

ട്രെയിനില്‍ ഒരു യാത്ര നിശ്ചയിച്ചശേഷം വണ്ടി വൈകിയാല്‍ നമ്മുടെ മൊത്തം പ്ലാനിനെ തന്നെ അത് തകിടം മറിച്ചേക്കാം. ഇന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചതോടെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊടുംതണുപ്പാണ്. കനത്ത മൂടല്‍മഞ്ഞ് കൂടിയാകുമ്പോള്‍ ട്രെയിന്‍ വൈകിയോടുന്നത് ഒരു പതിവായി മാറിയിട്ടുമുണ്ട്. മണിക്കൂറുകളോളം പലപ്പോഴും ട്രെയിന്‍ വൈകിയോടുന്നത് ശൈത്യകാലത്തെ പതിവാണ്. ഉയര്‍ന്ന ക്ലാസില്‍ ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ സംബന്ധിച്ച് ഇത്തരം സാഹചര്യങ്ങളില്‍ ബദല്‍ യാത്രാ മാര്‍ഗം തേടുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യും.

യാത്രക്കാര്‍ നേരിടുന്ന ഈ അസൗകര്യം കണക്കിലെടുത്ത് സൗജന്യ ഭക്ഷണം ഉള്‍പ്പെടെ വിതരണം ചെയ്യുന്ന തീരുമാനമാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്. മുമ്പ് തന്നെ ഇത്തരമൊരു കാര്യം നിലവിലുണ്ടെങ്കിലും പല യാത്രക്കാര്‍ക്കും ഇതേക്കുറിച്ച് അറിയില്ല. രാജധാനി, തുരന്തോ, ശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് റെയില്‍വേ ഐ.ആര്‍.സി.ടി.സിക്കൊപ്പം ചേര്‍ന്ന് ഭക്ഷണം നല്‍കുന്നത്. ഷെഡ്യൂള്‍ ചെയ്തതിനും രണ്ട് മണിക്കൂറില്‍ കൂടുതല്‍ ട്രെയിന്‍ വൈകിയാലാണ് സൗജന്യമായി ഭക്ഷണം ലഭിക്കുക.

ട്രെയിന്‍ വരാനായി സ്റ്റേഷനില്‍ കാത്തിരിക്കുന്നവര്‍ക്കും ലക്ഷ്യസ്ഥലത്ത് എത്താന്‍ വൈകുന്നവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ട്രെയിനുകള്‍ ഏറെ വൈകുകയാണെങ്കില്‍ റീ-ഫണ്ട് ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്. മൂന്ന് മണിക്കൂറിലേറെ വൈകുകയോ വഴി തിരിച്ചുവിടുകയോ ചെയ്താല്‍ ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങാനാകും. ട്രെയിനുകള്‍ വൈകുന്ന മുറക്ക് അധിക ചാര്‍ജ് ഈടാക്കാതെ വെയിറ്റിങ് റൂമുകള്‍ ഉപയോഗിക്കാനും സൗകര്യം ഉണ്ടാകും.

ചായ, കാപ്പി, ബിസ്‌കറ്റ്, പ്രഭാത ഭക്ഷണമായി ബ്രഡ്, ബട്ടര്‍, ജ്യൂസ്, ചായ/ കാപ്പി എന്നിവയടങ്ങിയ സെറ്റ്, ഉച്ചഭക്ഷണമോ അത്താഴമോ ആയി ചോറും കറിയും അച്ചാറും അടങ്ങുന്ന ഭക്ഷണപ്പൊതിയോ പൂരിയും കറിയും അടങ്ങുന്ന പൊതിയോ വാങ്ങാനും സൗകര്യമുണ്ടാകും.