മെഡി. വിദ്യാർത്ഥികളുടെ ദാരുണാന്ത്യം

Wednesday 04 December 2024 2:17 AM IST

ആലപ്പുഴ കളർകോട്ട് തിങ്കളാഴ്ച രാത്രി കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്. മറ്റ് ആറുപേർക്ക് ഗുരുതരമായി പരിക്കുമേറ്റു. ആലപ്പുഴയിൽ സിനിമ കാണാൻ തിരിച്ച,​ വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും ഏതാണ്ട് ഒരേ പ്രായക്കാരായ യുവാക്കൾ. കനത്ത മഴയിൽ മറ്റൊരു വാഹനം മറികടന്ന് മുന്നോട്ടു നീങ്ങിയ കാർ എതിരെ വന്ന ട്രാൻസ്‌പോർട്ട് ബസിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്യവെ റോഡിൽ നിന്ന് തെന്നിമാറി ബസിലിടിച്ച് തകരുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. റോഡപകടങ്ങൾ സംഭവിക്കാൻ ഒരുനിമിഷം മതിയെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ അപകടവും. കനത്ത മഴയും കാഴ്ചക്കുറവും യുവത്വത്തിന്റെ ആവേശവുമൊക്കെ എപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്ന സാഹചര്യങ്ങളാണ്. തീർത്തും പ്രതികൂല സാഹചര്യങ്ങളിൽ സ്വയം ചെന്നു ചാടാതിരിക്കാനുള്ള കരുതലും ജാഗ്രതയുമാണ് ഏവരും സ്വായത്തമാക്കേണ്ടത്.

റോഡപകടങ്ങളും മരണവും ഏറ്റവുമധികം ഉണ്ടാകുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. കേരളവും അപകട നിരക്കിൽ മുന്നിൽത്തന്നെയാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 2022-നും 2023-നുമിടയ്ക്കുള്ള കാലത്ത് റോഡപകട മരണങ്ങൾ ഒൻപതു ശതമാനംകണ്ട് കുറഞ്ഞുവെന്നാണ് കണക്ക്. എന്നിരുന്നാലും ഈ കാലയളവിലും 3899 റോഡപകട മരണങ്ങളുണ്ടായി. ദിവസേന ശരാശരി നൂറ്റിമുപ്പതിലധികം റോഡപകടങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. അപകടങ്ങളിൽ മരണമടയുന്നവരുടെ എത്രയോ ഇരട്ടിയാണ് അംഗഭംഗം വന്ന് ശിഷ്ടകാലം ജീവിക്കേണ്ടിവരുന്നവരുടെ അവസ്ഥ. കളർകോട്ടെ അപകടം ഏറെ ദുഃഖകരമാകുന്നത്,​ അതിലുൾപ്പെട്ട പതിനൊന്നു കുട്ടികളും ഇനിയും ജീവിതത്തിന്റെ വൈവിദ്ധ്യമാർന്ന തലങ്ങളിലേക്ക് പ്രവേശിക്കുക പോലും ചെയ്തിട്ടില്ലെന്നതിലാണ്. വിടരാൻ തുടങ്ങുംമുമ്പേ കൊഴിഞ്ഞുപോയ അഞ്ചു മിടുക്കന്മാർ ബന്ധുജനങ്ങളെ മാത്രമല്ല,​ വാർത്ത വായിക്കുന്ന എല്ലാവരുടെയും മനസിനെ നൊമ്പരപ്പെടുത്തും.

എത്രയോ നാളത്തെ കഠിനപ്രയത്നത്തിന്റെ ഫലമായി പ്രവേശന പരീക്ഷ എന്ന കടമ്പ കടന്ന് സർക്കാർ കോളേജിൽത്തന്നെ പ്രവേശനം ലഭിച്ചവരാണ് ഒറ്റനിമിഷം കൊണ്ട് എന്നേയ്ക്കുമായി അകന്നുപോയത്. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്. വലിയ പ്രതീക്ഷകളോടെ അരുമ മക്കളെ പഠിക്കാനായി പറഞ്ഞുവിട്ട് വീടുകളിൽ കഴിയുന്ന രക്ഷിതാക്കൾക്ക്, ഓർക്കാപ്പുറത്ത് അവരുടെ വിയോഗം സന്ദേശമായി എത്തുമ്പോഴുണ്ടാകുന്ന ഹൃദയം പിളർക്കുന്ന വേദന ശമിപ്പിക്കാൻ ഒരുതരത്തിലുള്ള ആശ്വാസ വചനങ്ങൾക്കും സാദ്ധ്യമല്ല. ഭൂമിയിൽ നിന്നു പോകുന്ന കാലം വരെ നീറുന്ന വേദനയുമായി വേണം അവർക്ക് ബാക്കിയുള്ള ജീവിതം തള്ളിനീക്കാൻ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ രാത്രികാലങ്ങളിൽ സിനിമയ്ക്കും മറ്റും പോകുന്നതിനിടയിൽ പലപ്പോഴും ഇത്തരം അപകടങ്ങളിൽപ്പെടാറുണ്ട്.

വാടകയ്ക്കെടുത്ത കാറിൽ, കയറാവുന്നതിൽ കൂടുതൽ പേർ കയറിയിരുന്നു. 14 വർഷം പഴക്കമുള്ള വാഹനത്തിന് ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളില്ലായിരുന്നുവെന്ന് പരിശോധനയ്ക്കുശേഷം ആർ.ടി.ഒ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും വാഹനമോടിച്ച വിദ്യാർത്ഥിയുടെ അമിത ആത്മവിശ്വാസവും അപകടത്തിന് വഴിവച്ചിട്ടുണ്ടാകാം. ഒരാളുടെ പിഴവുമൂലം കഷ്ടതകൾ നേരിടേണ്ടിവരുന്നത് ആ വാഹനത്തിലുള്ളവർ മാത്രമല്ല. മറ്റു വാഹനത്തിലുള്ളവരും അതിന്റെ ഇരകളാകാറുണ്ട്. കളർകോട്ട് അപകടത്തിൽപ്പെട്ട ബസിലെ 15 യാത്രക്കാർക്കും പരിക്കേറ്റ് ചികിത്സ തേടേണ്ടിവന്നു. ഇനി ഇതൊന്നും വിശകലനം ചെയ്തിട്ട് ഫലമില്ലല്ലോ. ഡ്രൈവിംഗ് ലൈസൻസ് എടുത്തതുകൊണ്ടു മാത്രം ഒരാൾ വാഹനങ്ങളോടിക്കാൻ പ്രാപ്തനാകണമെന്നില്ല. അസാധാരണ സന്ദർഭങ്ങളിൽ വിവേകത്തോടെയും പാകതയോടെയും വാഹനം കൈകാര്യം ചെയ്യാൻ കഴിയണം. നമ്മുടെ റോഡുകളുടെ സ്ഥിതി നന്നായി അറിയുകയും വേണം.