ചെറുപ്പക്കാർക്ക് ഇത് അനുയോജ്യമായ സമയം,​ ഭൂട്ടാനിലെ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

Sunday 18 August 2019 12:35 PM IST

ന്യൂഡൽഹി: ചെറുപ്പക്കാർക്ക് എറ്റവും അനുയോജ്യമായ സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‌ഞ്ഞു. കഠിനാധ്വാനം ചെയ്ത് ഹിമാലയൻ ജനതയെ ഉയരങ്ങളിലെത്തിക്കണമെന്നും അദ്ദേഹം ഭൂട്ടാനിലെ തിംഫുവിലെ റോയൽ യൂണിവേഴ്സിറ്റി ഒഫ് ഭൂട്ടാനിലെ വിദ്യാർത്ഥികളോട് പറഞ്ഞു. 'എക്‌സാം വാരിയേഴ്‌സ്' എന്ന തന്റെ പുസ്തകത്തിന്റെ ഭൂരിഭാഗവും ബുദ്ധന്റെ ആശയങ്ങൾ ഉൾക്കൊണ്ടുള്ളതാണെന്നും മോദി വ്യക്തമാക്കി.

130 കോടി ഇന്ത്യക്കാർ ഭൂട്ടാന്റെ വളർച്ചയേയും പരിശ്രമത്തേയും നോക്കി കാണുക മാത്രമല്ല സന്തോഷത്തോടെയും അഭിമാനത്തോട് കൂടിയും നിങ്ങൾക്ക് ധൈര്യവും നൽകുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു. അവർ നിങ്ങളുമായി ആശയങ്ങൾ പങ്കിടുകയും നിങ്ങളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭൂട്ടാനിലെ യുവ ശാസ്ത്രജ്ഞർ ഇന്ത്യയിലേക്ക് വന്ന് ഉപഗ്രഹ നിർമ്മാണമടക്കമുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും മുമ്പത്തേക്കാൾ കൂടുതൽ അവസരങ്ങളാണ് ലോകം ഇന്ന് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അസാധരണമായ കഴിവും ശക്തിയും നിങ്ങൾക്കുണ്ട്. വരുംതലമുറക്ക് അതിന്റെ പ്രതിഫലനം ലഭിക്കും. നിങ്ങളുടെ യഥാർത്ഥ തൊഴിൽ കണ്ടെത്തി അത് അഭിനിവേശത്തോടെ പിന്തുടരുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളും ചന്ദ്രയാൻ ദൗത്യ"വും മോദി വിദ്യാർത്ഥികളോട് വിശദീകരിച്ചു.