'അടുത്തത് ഇന്ത്യാ ഗേറ്റ് ആയിരിക്കും...': ജെ.എൻ.യുവിന് മോദിയുടെ പേര് നൽകണമെന്ന് പറഞ്ഞ ബി.ജെ.പി എം.പിയെ പരിഹസിച്ച് മാദ്ധ്യമപ്രവർത്തകൻ

Sunday 18 August 2019 2:58 PM IST

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്ന് അഭിപ്രായപ്പെട്ട ബി.ജെ.പി എം.പിയെ പരിഹസിച്ച് മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ജെ.എൻ.യുവിന്റെ പേര് മാറ്റിയ ശേഷം അടുത്തതായി ഇന്ത്യ ഗേറ്റിന്റെ പേരായിരിക്കും മാറ്റാൻ ഉദ്ദേശിക്കുന്നതെന്നാണ് രാജ്ദീപ് സർദേശായി പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കളിയാക്കൽ.ഇന്ത്യ ടുഡേ വാർത്താ ചാനലിന്റെ കൺസൾട്ടിംഗ് എഡിറ്ററാണ് രാജ്ദീപ് സർദേശായി.

ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകണമെന്ന് ബി.ജെ.പി എം.പിയും ഗായകനുമായ ഹാൻസ് രാജ് ഹാൻസ് പറഞ്ഞിരുന്നു. ജെ.എൻ.യു എന്ന പേര് മാറ്റി 'എം.എൻ.യു' എന്നാകണമെന്നാണ് ഹാൻസ് രാജ് ഇന്നലെ ആവശ്യപ്പെട്ടത്.

ഒരു പരിപാടിക്കായി സർവകലാശായിൽ എത്തിയതായിരുന്നു വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ നിന്നുമുള്ള ഈ എം.പി. സർവകലാശാലയിൽ എത്തിയ ഹാൻസ് രാജ് കാശ്മീർ വിഷയത്തിൽ നെഹ്‌റു-ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനും മറന്നില്ല. മോദിയാണ് ഇപ്പോൾ രാജ്യത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നതെന്നും അതുകൊണ്ടാണ് ജവാഹർലാൽ നെഹ്‌റു സർവകലാശാലയുടെ പേര് മാറ്റി 'മോദി നരേന്ദ്ര സർവകലാശാല' എന്നാക്കി മാറ്റണമെന്ന് താൻ നിർദ്ദേശിച്ചതെന്നും ഹാൻസ് രാജ് പറഞ്ഞു.