ഉത്തർപ്രദേശിൽ പട്ടാപ്പകൽ മാദ്ധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു

Sunday 18 August 2019 3:37 PM IST

സഹ്രാൻപൂർ: ഉത്തർ പ്രദേശിലെ സഹ്രാൻപൂരിൽ പട്ടാപ്പകൽ മാദ്ധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു. മദ്യ മാഫിയയാണ് ഇവരുടെ കൊലയ്ക്ക് പിന്നിൽ എന്നാണ് ലഭിക്കുന്ന വിവരം. ഒരു പ്രമുഖ ഹിന്ദി പത്രത്തിലെ ലേഖകനായ ആശിഷ് ജൻവാനിയെയും സഹോദരനെയുമാണ് ഇവർ കൊലപ്പെടുത്തിയത്. ഏതാനും നാളുകളായി ഇവിടുത്തെ മദ്യ മാഫിയ ആശിഷിനെ ഭീഷണിപ്പെടുത്തി വരികയായിരുന്നു. ചികിത്സയിലിരിക്കെയാണ് ആശിഷ് മരണപ്പെട്ടതെങ്കിൽ ആശിഷിന്റെ സഹോദരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആശിഷിന്റെ കുടുംബം കഴിഞ്ഞിരുന്നത് പൂർണമായും അദ്ദേഹത്തിന്റെ ജോലിയിൽ നിന്നും ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചായിരുന്നു. ആശിഷിന്റെ മരണത്തോടെ തങ്ങളുടെ ഉപജീവനമാർഗമാണ് അവർക്ക് ഇല്ലാതായത്. ആശിഷിന്റെ മരണം സഹ്രാൻപൂരിൽ പ്രതിഷേധങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. നിരവധി തവണ ആശിഷ് പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുക്കാൻ തയാറായിരുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.