2000 കോടി വേണമെന്ന് തമിഴ്നാട്; സ്റ്റാലിനെ ഫോണിൽ വിളിച്ച് മോദി
ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടം ചൂണ്ടിക്കാട്ടി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു 2000 കോടി രൂപ ഇടക്കാല ആശ്വാസമായി അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. സ്റ്റാലിൻ കത്തയച്ചതിനു പിന്നാലെ പ്രധാനമന്ത്രി അദ്ദേഹത്തെ ഫോണിൽ വിളിച്ചു. തമിഴ്നാടിന്റെ ദുഃഖത്തിൽ പങ്കുചേർന്ന മോദിയോട് നാശനഷ്ടത്തിന്റെ കണക്ക് സ്റ്റാലിൻ വിശദീകരിച്ചു.
ചുഴലിക്കാറ്റും പേമാരിയും തമിഴ്നാട്ടിലെ 14 ജില്ലകളിലാണ് വൻനാശം വിതച്ചത്. 1.5 കോടി ജനങ്ങളെ ബാധിച്ചു, 2.11 ലക്ഷം ഹെക്ടർ കൃഷിസ്ഥലം നശിപ്പിച്ചു.
അടിസ്ഥാന സൗകര്യങ്ങളും ജീവനോപാധികളും പുനഃസ്ഥാപിക്കുന്നതിന് അടിയന്തര സഹായം വേണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്. തമിഴ്നാട്ടിൽ 12 പേരും പുതുച്ചേരിയിൽ 8 പേരും മരിച്ചു. തമിഴ്നാട്ടിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപം വീതം അനുവദിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന സർക്കാർ ഫലപ്രദമായി പ്രതിരോധ നടപടികൾ സ്വീകരച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് ഇ.പളനിസാമിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈയും കുറ്റപ്പെടുത്തി.
ചാത്തനൂർ അണക്കെട്ടിൽ നിന്ന് തെക്കൻപാനയാറിലേക്ക് മുന്നറിയിപ്പില്ലാതെയാണ് 1.68 ലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടത്. ഇതോടെ തീരത്തെ ഗ്രാമവാസികൾ ദുരിതത്തിലായെന്ന് ഇ.പി.എസ് പറഞ്ഞു.