വിദ്യാർത്ഥികളുമായി ലഹരി കച്ചവടം; തമിഴ്‌ നടന്റെ മകൻ അറസ്റ്റിൽ

Wednesday 04 December 2024 12:11 PM IST

ചെന്നെെ: ലഹരിക്കേസിൽ തമിഴ്‌ നടൻ മൻസൂർ അലി ഖാന്റെ മകൻ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെയാണ് ചെന്നെെ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് സംഭവത്തിൽ പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം ചെന്നെെയിലെ മുകപ്പർ പ്രദേശത്തെ ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥികൾ ഫോൺ വഴി മയക്കുമരുന്ന് വിറ്റതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുൻപെ ഇതേ സംഭവത്തിൽ 10 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് വാങ്ങി ചെന്നെെയിൽ വിദ്യാർത്ഥികൾ വിൽക്കുന്നതെന്ന് കണ്ടെത്തി.

കഞ്ചാവ് മാത്രമല്ല മെത്താഫെറ്റാമിൻ ഇനം മയക്കുമരുന്നും വിൽപന നടത്തിയിരുന്നതായി കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥികളുടെ മൊബെെൽ ഫോൺ പരിശോധിച്ചപ്പോഴാണ് തുഗ്ലക്കിന്റെ ഫോൺ നമ്പറും മറ്റും കണ്ടെത്തിയത്. പിന്നാലെ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.