ഇന്ത്യൻ ജനതയുടെ പ്രത്യുൽപാദനശേഷി കുറയുന്നു, തലമുറ മാറ്റത്തിന് ആളില്ല, കാരണങ്ങൾ ഇതോ?
ഇന്ത്യയുടെ പ്രത്യുൽപാദനശേഷി നിരക്കിൽ വലിയ ഇടിവുണ്ടായതായി പഠനറിപ്പോർട്ട്. 1950ൽ 5.9 ആയിരുന്നത് 2023ൽ 2.0 ആയി കുറഞ്ഞുവെന്ന് ഐക്യരാഷ്‌ട്ര സഭയുടെ ജനസംഖ്യാ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2.1 എന്ന 'റീപ്ലേസ്‌മെന്റ് ലെവലിന്' താഴെയാണ് നിരക്ക്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ജനസംഖ്യാപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.
ഓരോ തലമുറയ്ക്കും പകരം വയ്ക്കാവുന്ന കുട്ടികളുടെ എണ്ണത്തെയാണ് റീപ്ളേസ്‌മെന്റ് ലെവൽ പ്രത്യുൽപാദന നിരക്ക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് 2.1ലും താഴെയാകുന്നുവെങ്കിൽ ജനസംഖ്യ ചുരുങ്ങുമെന്ന സൂചനയാണ് നൽകുന്നത്. മരണപ്പെടുന്നവരുടെ എണ്ണത്തെക്കാൾ കുറവാണ് ജനിക്കുന്ന കുട്ടികളുടെ എണ്ണം എന്നതാണ് ഇതിന് കാരണമാവുന്നത്.
സാമ്പത്തിക ബാദ്ധ്യതകൾ, വൈകിയ വിവാഹങ്ങൾ, ലിംഗ അസമത്വം എന്നിവയ്ക്ക് പുറമെ വന്ധ്യതാ നിരക്ക് വർദ്ധിക്കുന്നതും ഇതിന് കാരണമായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ വന്ധ്യതാ നിരക്ക് ഉയരാൻ കാരണമാകുന്നതായി രാമയ്യ മെമ്മോറിയൽ ഹോസ്‌പിറ്റലിലെ ഗൈനക്കോളജി വിഭാഗം വിദഗ്ദ്ധ ഡോ. മഞ്ജുള എൻ വി വ്യക്തമാക്കുന്നു.
സ്ത്രീകളുടെയും പുരുഷന്മാരുടെയും മോശം ആരോഗ്യാവസ്ഥയും പ്രത്യുൽപാദനശേഷി ശേഷിയെ നേരിട്ട് ബാധിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) തുടങ്ങിയ അവസ്ഥകൾ ഇന്ത്യയിൽ വർദ്ധിച്ചുവരികയാണ്. ഇത് സ്ത്രീകളിൽ പ്രത്യുൽപാദനശേഷി കുറയ്ക്കുന്നതായി പഠനങ്ങളിൽ പറയുന്നു. ഉയർന്ന മാനസിക സമ്മർദ്ദം, അനാരോഗ്യപരമായ ഭക്ഷണരീതി, വ്യായാമക്കുറവ് എന്നിവയും പ്രത്യുൽപാദനശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഡോ. മഞ്ജുള പറഞ്ഞു. ഇന്നത്തെക്കാലത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്നത് തൈറോയ്‌ഡ്, പിസിഒഎസ്, അമിതവണ്ണം എന്നിവയാണെങ്കിൽ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നതാണ് പുരുഷന്മാർ നേരിടുന്ന പ്രശ്നം.
പിസിഒഎസ് ഇന്ത്യയിലെ പ്രത്യുൽപാദന പ്രായത്തിലുള്ള 20 ശതമാനം സ്ത്രീകളെ ബാധിക്കുന്നതായി ജേണൽ ഒഫ് ഹ്യൂമൻ റീപ്രൊഡക്റ്റീവ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്കും ക്രമരഹിതമായ അണ്ഡോത്പാദനത്തിലേക്കും നയിക്കുന്നു.
സമാനരീതിയിൽ ഇന്ത്യൻ സൊസൈറ്റി ഒഫ് അസിസ്റ്റഡ് റീപ്രൊഡക്ഷൻ പ്രകാരം പുകവലി, മദ്യപാനം, പൊണ്ണത്തടി തുടങ്ങിയവയുമായി പുരുഷ വന്ധ്യത ബന്ധപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കുന്നു. രാജ്യത്തെ വന്ധ്യതാ കേസുകളിൽ 50 ശതമാനവും ഇത്തരം കാരണങ്ങളാൽ ഉണ്ടാവുന്നതാണെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇതുകൂടാതെ, ലൈംഗികമായി പകരുന്ന അണുബാധകൾക്ക് വേണ്ടവിധത്തിൽ ചികിത്സ നൽകാതിരിക്കുന്നതും പെൽവിക് കോശജ്വലന രോഗങ്ങളും പ്രത്യുൽപാദന സംബന്ധമായ തകരാറുകൾക്കും വന്ധ്യതയ്ക്കും കാരണമാകുമെന്നും ഡോ. മഞ്ജുള വ്യക്തമാക്കി.
പ്രത്യുൽപാദന ആരോഗ്യത്തിൽ പോഷകാഹാരം പ്രധാന പങ്ക് വഹിക്കുന്നു. ഫോളിക് ആസിഡ്, സിങ്ക്, വൈറ്റമിൻ ഡി എന്നിവയുടെ കുറവ് പ്രത്യുൽപാദന ശേഷി കുറയ്ക്കും. മലിനീകരണവും രാസവസ്തുക്കളുമായുള്ള സമ്പർക്കവും പ്രത്യുൽപാദന പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.