ഇംതിയാസ് അലിയുടെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഫഹദ് ഫാസിൽ, പ്രധാന വേഷത്തിൽ തൃപ്തി ദിമ്രിയും
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിൽ തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പ്രശസ്ത സംവിധായൻ ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. തൃപ്തി ദിമ്രിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. 'അനിമൽ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് അടക്കം സുപരിചിതയാണ് തൃപ്തി.
2025 ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിൻഡോ സീറ്റ് ഫിലിംസിന്റെ ബാനറിൽ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിർമ്മിക്കുക. മാസങ്ങായി ഫഹദും സംവിധായകനും ഈ പ്രോജക്ടിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും അടുത്തിടെ കരാർ ഒപ്പിട്ടെന്നും റിപ്പോർട്ടുണ്ട്. നിലവിൽ ചിത്രത്തിന്റെ തിരക്കഥയുടെ അവസാന പണികളിലാണ് സംവിധായകൻ.