ഏലം കർഷകരെ കബളിപ്പിച്ച്  കോടികൾ തട്ടിയ കേസിലെ രണ്ട്പേർകൂടി അറസ്റ്റിൽ

Thursday 05 December 2024 11:50 PM IST

അടിമാലി:അവധിക്കകച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ കർഷകരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നൽകാതെ മുങ്ങിയ കേസിലെ കൂട്ടു പ്രതികളെ ജില്ല ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.മന്നാം കാലായിലെ വാടക വീട്ടിൽ താമസിച്ചു വന്നിരുന്ന തിരുവനന്തപുരം നേമം മനുകാലാദിച്ച മംഗലം തോന്നയ്ക്കൽ സന്തോഷ് കുമാർ (44) അടിമാലി ആനവിരട്ടി കൂമ്പൻപാറ ഉത്തുവാൻ അബ്ദുൾ സലാം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.രണ്ടു ദിവസമായി ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ജില്ല ക്രൈംബ്രാഞ്ച് ഡപ്യൂട്ടി സൂപ്രണ്ട് പി.വി.വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നതിനിടെയാണ് അറസ്റ്റ്. പ്രധാന പ്രതിപാലക്കാട് മണ്ണാർകാട് കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീർ (42) ജയിലിലാണ്.ഇയാളുടെ കച്ചവടത്തിൽ പ്രധാന റോളുകൾ കൈകാര്യം ചെയ്തിരുന്ന, ഡ്രൈവറും ,ഇടപാടുകാരുമായിരുന്നു അറസ്റ്റിലായവർ . അടിമാലി എസ്.ഐ. ജിബിൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽനിന്ന് മുഖ്യ പ്രതിയെ പിടികൂടിയത്.എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ. ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2023 ഒക്ടോബറിൽ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കർഷകരിൽനിന്ന് ഏലം സംഭരിച്ച് തുടങ്ങി. ഒരുമാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയിൽനിന്ന് കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരുമാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യ രണ്ടുമാസം കൂടുതൽ തുകയും നൽകി.ഇതോടെ കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലക്ക എത്തിച്ചു തുടങ്ങി. ഏലയ്ക്ക നൽകുമ്പോൾ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈരസീതുമായി എത്തിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം.കഴിഞ്ഞ ജൂലായിലാണ് അവസാനമായി ഏലയ്ക്കാ എടുത്തത്. തുടർന്ന് ഇയാൾ മുങ്ങി.
തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 1400ഓളം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. അടിമാലി, വെള്ളത്തൂവൽ സ്റ്റേഷനുകളിൽ ലഭിച്ച 34 ഓളം പരാതികളിൽ തുടർ അന്വേഷണം നടന്നു വരികയായിരുന്നു. ആ റോളം എസ്.ഐമാർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. ഇന്ന് കോടതിയിൽഹാജരാക്കും.