ഇന്ത്യയുടെ ആണവശേഖരം ഗൗരവമേറിയത്, രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പിൽ പതറി ഇമ്രാൻ ഖാൻ

Sunday 18 August 2019 6:14 PM IST

ഇസ്ളാമബാദ്: ഇന്ത്യയുടെ ആണവപ്രസ്താവനയിൽ ആശങ്ക പങ്കുവച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ ആയുധശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരവമായി പരിഗണിക്കണമെന്നാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ പരമ്പരാഗത നയത്തിൽ ഭാവിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇമ്രാൻ ഖാന്റെ ട്വീറ്റ്.

കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുപിന്നാലെ പാകിസ്ഥാനിൽ നിന്ന് പ്രകോപനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാജ്നാഥ് സിംഗിന്റെ പ്രസ്താവന പാകിസ്ഥാനുള്ള മുന്നറിയിപ്പാണെന്ന് കരുതുന്നു. ഇന്ത്യയുടെ ആണവായുധ നയം മാറാമെന്ന് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രഖ്യാപിക്കുന്നത്. എന്നാൽ രാജ്നാഥ് സിംഗിന്റെ പ്രസ്താവനെയെ തുടർന്ന് ഇന്ത്യയുടെ ആയുധശേഖരത്തിന്റെ സുരക്ഷ ലോകം പരിശോധിക്കണമെന്നാണ് പാക് പ്രധാനമന്ത്രിയുടെ ആവശ്യം. മോദി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ അണ്വായുധ ശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരവമായി പരിഗണിക്കണം. ഇത് ഈ പ്രദേശത്തെ മാത്രമല്ല, ലോകത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്’, ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.

കാശ്മീർ വിഭജിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിട്ടുണ്ട്. തുടർന്ന് കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പാകിസ്ഥാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തന്റെ സൈനികരും ജനങ്ങളും അവസാനം വരെ ഇന്ത്യയോട് പോരാടാൻ തയ്യാറാണെന്നാണ് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.