മറാത്തകളെ നയിക്കാൻ വീണ്ടും ഫഡ്നാവിസ്

Thursday 05 December 2024 1:49 AM IST

ന്യൂഡൽഹി: അന്തരിച്ച പ്രമോദ് മഹാജനും ഗോപിനാഥ് മുണ്ടെയ്‌ക്കും നിലവിൽ കേന്ദ്രമന്ത്രിയായ നിതിൻ ഗഡ്‌കരിക്കും പിൻഗാമിയായി മഹാരാഷ്‌ട്രയിൽ ബി.ജെ.പിയുടെ മുഖമായി മാറിക്കഴിഞ്ഞു ദേവേന്ദ്ര ഫഡ്‌നാവിസ്. മറാത്താ വികാരത്താൽ വളർന്ന ശിവസേനയെ ഒതുക്കി ബി.ജെ.പിക്ക് മഹാരാഷ്ട്രയിൽ ആഗ്രഹിച്ച ആധിപത്യം നേടാൻ സഹായിച്ച നേതാവാണ്. ഏറ്റവും വലിയ കക്ഷിയായതോടെ മുഖ്യമന്ത്രി പദം ബി.ജെ.പി തിരിച്ചെടുക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ,പ്രഖ്യാപനം നീണ്ടു. മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ മറാത്തകളും ബ്രാഹ്മണരും തമ്മിലുള്ള അധികാരവടംവലിയുടെ ചരിത്രപരമായ തുടർച്ചയാണിത്.

1970ൽ നാഗ്പൂരിൽ മറാത്തി ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ച ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധരറാവു ഫഡ്‌നാവിസ് ആർ.എസ്.എസ്,ജനസംഘം നേതാവായിരുന്നു. അദ്ദേഹത്തിന് അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട അനുഭവങ്ങൾ ദേവേന്ദ്ര ഫഡ്‌നാവിസിനെയും സ്വാധീനിച്ചു. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ഇന്ദിരാ കോൺവെന്റ് സ്‌കൂളിൽ പഠിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ് തയ്യാറായില്ല. നാഗ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും ബെർലിൻ ഡി.എസ്.ഇയിൽ നിന്ന് പ്രൊജക്റ്റ് മാനേജ്‌മെന്റിൽ ഡിപ്ളോമയും നേടിയ ഫഡ്‌നാവിസ്,എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. 21-ാം വയസ്സിൽ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 27-ാം വയസിൽ രാജ്യത്തെ പ്രായം കുറഞ്ഞ മേയർമാരിൽ രണ്ടാമൻ എന്ന ബഹുമതിയോടെയാണ് ആ പദവിയിൽ എത്തിയത്.

1999ൽ 29 വയസുള്ളപ്പോഴാണ് നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. 2013ൽ ബി.ജെ.പിയുടെ മഹാരാഷ്ട്ര അദ്ധ്യക്ഷനായി. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനു പിന്നാലെ മഹാരാഷ്‌ട്രയിൽ മുഖ്യമന്ത്രിയായി. മഹാരാഷ്ട്രയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയാകുമ്പോൾ വയസ് 44. ശരദ് പവാർ 1978ൽ 38-ാം വയസിലാണ് മുഖ്യമന്ത്രിയായത്.

1989 മുതൽ എൻ.ഡി.എയുടെ ഭാഗമായിരുന്ന ശിവസേന 2019ൽ വഴിപിരിഞ്ഞശേഷവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവച്ചു. തുടർന്ന് ശിവസേനയുടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി നിലവിൽ വന്ന മഹാവികാസ് അഘാഡി സർക്കാരിനെ 2022 ജൂണിൽ ഏക്‌നാഥ് ഷിൻഡെയുടെ സഹായത്തോടെ താഴെയിട്ട നീക്കങ്ങളും ഫഡ്‌നാവിന്റേതായിരുന്നു.അന്ന് ശിവസേനയെ പിളർത്തിവന്ന ഷിൻഡെയ്‌ക്ക് ഉപകാര സ്‌മരണയോടെ നൽകിയ മുഖ്യമന്ത്രി പദമാണ് ഇപ്പോൾ തിരിച്ചെടുത്തത്. ഭാര്യ അമൃത ബാങ്കുദ്യോഗസ്ഥയാണ്. മകൾ ദിവിജ ഫഡ്‌നാവിസ് വിദ്യാർത്ഥിനിയാണ്.