ജറേഡ് ഐസക്‌മാൻ നാസ മേധാവിയാകും
വാഷിംഗ്ടൺ: അമേരിക്കൻ സംരംഭകനും ശതകോടീശ്വരനുമായ ജറേഡ് ഐസക്‌മാനെ (41) ബഹിരാകാശ ഏജൻസിയായ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് നടന്ന (സ്പേസ് വാക്ക്) സിവിലിയൻ സഞ്ചാരികളിൽ ഒരാളാണ് ജറേഡ്. പതിനാറാം വയസിൽ 'ഷിഫ്റ്റ് 4 പെയ്മെന്റ്സ് " എന്ന പെയ്മെന്റ് പ്രോസസിംഗ് കമ്പനി ജറേഡ് സ്ഥാപിച്ചു.
സെപ്തംബറിൽ സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിലൂടെയാണ് ജറേഡും സഹസഞ്ചാരി സാറാ ഗില്ലിസും ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ അകലെ ബഹിരാകാശത്ത് നടന്ന് ചരിത്രം കുറിച്ചത്. ഇവരുടെ സഹയാത്രികരായ സ്കോട്ട് പൊട്ടീറ്റ്, അന്ന മേനോൻ എന്നിവർ ദൗത്യത്തിന്റെ 'ക്രൂ ഡ്രാഗൺ" പേടകത്തെ നിയന്ത്രിച്ചു. ജറേഡായിരുന്നു ദൗത്യത്തിന്റെ സ്പോൺസർ. സ്പേസ് എക്സിന്റെ ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ജറേഡ്.