"പുതിയ അവതാരം പുഷ്പ അണ്ണൻ"; ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ കോമാളിയും ജനിക്കുന്നെന്ന് കമന്റ്
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയ്‌ക്ക് കേരളത്തിലും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ ആരാധക പ്രവാഹമാണ്.
തിരുവനന്തപുരത്തെ ഒരു തീയേറ്ററിൽ പുഷ്പയിലെ അല്ലുവിനെ പോലെ വേഷം ധരിച്ച് ഒരാളെത്തിയിരുന്നു.ഫഹദിന്റെ അഴിഞ്ഞാട്ടമായിരുന്നു സിനിമയെന്നാണ് അയാൾ പറഞ്ഞത്. 'ഫസ്റ്റ് ഹാഫ് വരെ കൊണ്ടുപോയത് ഫഹദായിരുന്നു. ഫഹദിന്റെ അഴിഞ്ഞാട്ടമായിരുന്നു. പക്ഷേ ലാസ്റ്റ് രണ്ട് കൈയും കാലും കെട്ടിവച്ചൊരു ഫൈറ്റുണ്ടായിരുന്നു. നമുക്ക് രണ്ട് കാലും കൈയും കെട്ടിവച്ചാൽ ചൊറിയാൻ പറ്റുമോ, മൂത്രമൊഴിക്കാൻ പറ്റുമോ. അത് മോശമായിപ്പോയി. സാരിയുടുത്തുള്ള ഫൈറ്റൊക്കെ സെറ്റായിരുന്നു.'- എന്നാണ് യുവാവ് പറയുന്നത്.
കൊച്ചിയിലെ ഒരു തീയേറ്ററിൽ രാവിലെ സിനിമ കാണാൻ പോയവർ ഒരു യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ്. പുഷ്പയിലെ അല്ലു അർജുന്റെ ഗെറ്റപ്പ് അനുകരിച്ചാണ് യുവാവ് എത്തിയത്. ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. പുഷ്പ അണ്ണൻ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
പുതിയ അവതാരം പുഷ്പ അണ്ണൻ എന്ന അടിക്കുറിപ്പോടെയൊക്കെയാണ് വീഡിയോ പ്രചരിക്കുന്നത്. 'പുഷ്പ ഒരു പേരാണെന്ന് കരുതിയോ ഒരു ബ്രാൻഡ് ആണെടാ. പുഷ്പ നാഷണൽ ആണെന്ന് കരുതിയോ, ഇന്റർനാഷണലാണെടാ. എനിക്കർഹതപ്പെട്ട കാശ് കാലണയോ അരയണയോ ആണെങ്കിലും അത് കിട്ടാൻ വേണ്ടി ഏഴ് കടലും ഏഴ് മലയും കടക്കേണ്ടി വന്നാലും അവിടെ എത്തുകയെന്നതാണെടാ പുഷ്പയുടെ പോളിസി' എന്നൊക്കെ ഈ യുവാവ് പറയുന്നുണ്ട്. വീഡിയോയ്‌ക്ക് താഴെ ഇയാളെ പരിഹസിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ വരുന്നുണ്ട്. ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ കോമാളിയും ജനിക്കുന്നെന്നൊക്കെയാണ് കമന്റ്.
സുകുമാർ സംവിധാനം ചെയ്‌ത ചിത്രത്തിൽ അല്ലു അർജുന് പുറമേ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ആദ്യഭാഗത്തെക്കാൾ മാസ് രംഗങ്ങളുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇ ഫോർ എന്റർടെയിൻമെന്റാണ് പുഷ്പ 2 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്റർടെയിൻമെന്റ്സ് നേരത്തെ അറിയിച്ചിരുന്നു.