യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ കഴിയുന്നവരെ തേടി കേരളത്തിന്റെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന

Thursday 05 December 2024 5:42 PM IST

കൊച്ചി: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസിൽ ഒളിവിൽ കഴിയുന്നവരെ തേടി കേരളത്തിന്റെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന. കർണാടകയിൽ മാത്രം 16 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. കേരളത്തിൽ എറണാകുളത്തടക്കം പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

കുടക് സ്വദേശിയായ എം.എച്ച് തുഫൈലാണ് കൊലപാതകസംഘത്തിന്റെ നേതാവെന്നും ഇയാളാണ് മറ്റുള്ളവർക്ക് പരിശീലനം നൽകിയതെന്നുമാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. പ്രവീണിനെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പ്രത്യേക കൊലപാതക സംഘത്തിന് തന്നെ രൂപം നൽകിയെന്നും, പ്രധാന പ്രതികളടക്കമുള്ള മൂന്ന് പേർക്ക് തുലൈഫ് കർണാടകയിലെ മൈസൂരു, കുടക്, തമിഴ്നാട്ടിലെ ഈറോഡ് എന്നിവിടങ്ങളിൽ ഒളിത്താവളമൊരുക്കിയെന്നാണ് എൻ.ഐ.എയ്ക്ക് കിട്ടിയ വിവരം.

ഒരു സമുദായത്തിൽപ്പെട്ടവരിൽ ഭയം സൃഷ്ടിക്കാനും സമൂഹത്തിൽ വർഗീയവിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനുമുള്ള പി.എഫ്.ഐ.യുടെ അജൻഡയുടെ ഭാഗമായാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയതെന്നാണ് എൻ.ഐ.എ. കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.